കോഴിക്കോട്: കടപ്പുറത്തെ ‘ഫ്രീഡം സ്ക്വയറിലെ’ മരത്തിനു മുകളിൽ തൂങ്ങിയാടുന്ന മരുന്നു കുപ്പികളും സിറിഞ്ചുകളും ഭിന്നശേഷി കുട്ടികളുടെ രക്ഷകർത്താക്കളുടെ പ്രതിരോധത്തിൻ്റെയും വ്യഥകളുടെയും പ്രതിരൂപമാണ്.

കോഴിക്കോട് കടപ്പുറത്ത് നടന്ന കേരള ഡിസബിലിറ്റി ഫെസ്റ്റിവലിലാണ് ആരുടെയും ശ്രദ്ധയാകർഷിക്കുന്ന
വേദനകളുടെ ഈ ‘മരുന്ന് മരം’ ഉള്ളത്. മരുന്നു കുപ്പികളും സിറിഞ്ചുകളും തൂങ്ങിയാടുന്ന ഈ മരത്തിന് ചുവട്ടിലെത്തുമ്പോൾ ഏതൊരാളും ഒരു നിമിഷം നോക്കി നിന്നു പോകും.
കഴിഞ്ഞ പത്ത് വർഷം തൻ്റെ മകളായ ക്ഷദ, ചികിത്സയുടെ ഭാഗമായി കുടിച്ചുതീർത്ത മരുന്ന് കുപ്പികളാണ്
പിതാവായ ചങ്ങരോത്ത് സ്വദേശി യൂസഫ് മരത്തിനു മുകളിൽ കെട്ടി തൂക്കിയിട്ടത്.
ഭിന്നശേഷിക്കാരായ കുട്ടികളുള്ള രക്ഷിതാക്കളുടെ പ്രയാസങ്ങൾ മറ്റുള്ളവരെ കൂടി അറിയിക്കാനാണ് ഇങ്ങനെയൊരു മരുന്നു മരം സൃഷ്ടിച്ചതെന്നാണ് പിതാവ് പറയുന്നത്.

“ആർപിഡബ്ല്യൂഡി ആക്ട് അനുസരിച്ച് 21 വിഭാഗം ഭിന്നശേഷിക്കാരാണ് ഉള്ളത്. ഉപ വിഭാഹങ്ങളിലായി നിരവധി ഭിന്നശേഷി വിഭാഗക്കാർ വേറേയും ഉണ്ട്. റെഡ് സിൻഡ്രോം എന്ന അപൂർവ ഭിന്നശേഷിയാണ് തൻ്റെ മകൾക്ക് ഉള്ളത്. റെഡ് സിൻഡ്രോം ഉള്ള 80 ശതമാനം കുട്ടികൾക്ക് അപസ്മാരം ഉണ്ടാകാറുണ്ടെന്നാണ് മെഡിക്കൽ വിദഗ്ധർ പറയുന്നത്. അതിൽ തന്നെ തീവ്ര അപസ്മാരം ഉണ്ടാകാറുള്ള കുട്ടികളും ഉണ്ട്. തങ്ങളുടെ മകൾക്കും തീവ്ര അപസ്മാരം ഉണ്ടാകാറുണ്ട്. ആറു തരം മരുന്നാണ് അപസ്മാരത്തിനായി കഴിക്കുന്നത്. അത്രയും മരുന്നുകളുടെ കുപ്പികളാണ് മരത്തിൽ കെട്ടിത്തൂക്കിയിരിക്കുന്നത്. പ്രൊഫഷണൽസിന് പോലും ഇത്തരം ഡിസെബിലിറ്റിയെ കുറിച്ച് അവബോധം ഉണ്ടാകാറില്ല. അത്തരം അവബോധം നൽകാനാണ് മരുന്നു കുപ്പികൾ മരത്തിന്മേൽ കെട്ടിത്തൂക്കിയത്,” യൂസഫ് പറഞ്ഞു.

ഭിന്നശേഷിക്കാരായ കുട്ടികളുടെ ശുശ്രൂഷയ്ക്കും ചികിത്സയ്ക്കുമായി ധാരാളം ചെലവുകളാണ് രക്ഷിതാക്കൾക്ക് വഹിക്കേണ്ടി വരുന്നത്. സർക്കാരും വിവിധ സർക്കാരേതര സംഘടനകളും സഹായങ്ങൾ ചെയ്യുന്നുണ്ട് എങ്കിലും കൂടുതൽ സഹായം നൽകണമെന്നതാണ് യൂസഫ് ഉയർത്തുന്ന ആവശ്യം. മരുന്നുകൾ ഉൾപ്പെടെയുള്ളവ സർക്കാർ സംവിധാനത്തിലൂടെ സൗജന്യമായി നൽകണമെന്നും യൂസഫ് കൂട്ടിച്ചേർത്തു.
സാമ്പത്തിക ശേഷിയില്ലാത്ത ഭിന്നശേഷി കുട്ടികളുള്ള രക്ഷിതാക്കളുടെ അവസ്ഥയും ഈ മരം ഒരു ചോദ്യമായി നമുക്കു മുന്നിലേക്ക് ഉയർത്തി കാണിക്കുന്നുണ്ട്. കേരള ഡിസബിലിറ്റി ഫെസ്റ്റ് ആരംഭിച്ചത് മുതൽ മരുന്നു മരമാണ് എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രം.
