കോട്ടയം: മാടപ്പള്ളിയിൽ ഒൻപതാം ക്ലാസുകാരന് ക്രൂര മർദനം. സമപ്രായക്കാരായ വിദ്യാർഥികളാണ് കുട്ടിയെ മർദിച്ചത്. ഇരയായ കുട്ടിയുടെ കുടുംബത്തിൻ്റെ പരാതിയിൽ തൃക്കൊടിത്താനം പൊലീസ് അന്വേഷണം തുടങ്ങി.

ചങ്ങനാശേരി മാടപ്പള്ളി മോസ്കോ കവലയിലാണ് സംഭവം. ജനുവരി 26 നാണ് ഒൻപതാം ക്ലാസുകാരനെ സുഹൃത്തുക്കൾ ചേർന്ന് ക്രൂരമായി മർദിക്കുന്നത്.
കുട്ടികൾ തമ്മിലുള്ള തർക്കമാണ് മർദനത്തിന് കാരണം. മർദന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. മർദനമേറ്റ കുട്ടിയുടെ മാതാവ് തൃക്കൊടിത്താനം പൊലീസിൽ പരാതി നൽകി.

സംഭവത്തിൽ പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് നൽകി. ബോർഡിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടികൾക്ക് കൗൺസിലിങ് ഉറപ്പാക്കുമെന്നും തൃക്കൊടിത്താനം പൊലീസ് വ്യക്തമാക്കി.

