വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ നിർണ്ണായക നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ഇറക്കുമതി തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചു.

നിലവിൽ അമേരിക്ക നൽകുന്നതിൽ വച്ച് ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഒന്നാണിത്. വിയറ്റ്നാം, ബംഗ്ലാദേശ്, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ മികച്ച നിരക്കാണ് ഇപ്പോൾ ഇന്ത്യക്ക് ലഭ്യമായിരിക്കുന്നത്.
ഒരുകാലത്ത് ഇന്ത്യയെ താരിഫ് രാജാവ് എന്ന് വിശേഷിപ്പിക്കുകയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്ന ട്രംപിന്റെ ഈ നീക്കം ആഗോള വ്യാപാര രംഗത്ത് വലിയ ചർച്ചയായിട്ടുണ്ട്.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ ഇന്ത്യക്ക് മേൽ മുൻപ് 25 ശതമാനം അധിക തീരുവ ചുമത്തിയിരുന്നു. എന്നാൽ പുതിയ കരാറനുസരിച്ച് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കും. പകരം അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങാൻ ഇന്ത്യ സമ്മതിച്ചു. ഏകദേശം 500 ബില്യൺ ഡോളർ മൂല്യമുള്ള അമേരിക്കൻ ഊർജ്ജം, കാർഷിക ഉൽപ്പന്നങ്ങൾ, കൽക്കരി എന്നിവ വാങ്ങാനും ഇന്ത്യ ധാരണയിലെത്തിയിട്ടുണ്ട്.

അമേരിക്കയുടെ ദീർഘകാലമായുള്ള ചില ആവശ്യങ്ങൾ ഇന്ത്യ അംഗീകരിച്ചതാണ് ഈ വിട്ടുവീഴ്ചയ്ക്ക് പിന്നിലെ പ്രധാന കാരണം. ബജറ്റിലെ മാറ്റങ്ങൾക്കും മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾക്കും പുറമെ, ഇന്ത്യ പാസാക്കിയ ശാന്തി നിയമം നിർണ്ണായകമായി. ആണവോർജ്ജ മേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്ന ഈ നിയമം അമേരിക്കയുടെ വലിയൊരു ആവശ്യമായിരുന്നു.
ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ അമേരിക്കയുമായി കരാറുകളിൽ എത്തിയതിന് പിന്നാലെയാണ് ഇന്ത്യയും ഈ സുപ്രധാന നേട്ടം കൈവരിച്ചത്.
