മികച്ച ഓഡിയോ പുസ്തകത്തിനുള്ള ആദ്യ ഗ്രാമി അവാർഡ് സ്വന്തമാക്കി ദലൈ ലാമ. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ആത്മീയ വെളിച്ചം പകരുന്ന ടിബറ്റൻ ആത്മീയ നേതാവായ ദലൈ ലാമയെ തേടി 90-ാം വയസിലാണ് ഗ്രാമി എത്തുന്നത്. ലോസ് ഏഞ്ചൽസിൽ നടന്ന 68-ാമത് ഗ്രാമി പുരസ്കാര ചടങ്ങിൽ ഓഡിയോ ബുക്ക് നറേഷൻ, സ്റ്റോറിടെല്ലിങ് വിഭാഗത്തിലാണ് ദലൈ ലാമ തിളങ്ങിയത്. സംഗീതജ്ഞൻ റൂഫസ് വെയ്ൻറൈറ്റ് അവാർഡ് സ്വീകരിച്ചു.

ദലൈ ലാമയുടെ വിവരണത്തോടെ പുറത്തിറങ്ങിയ ‘മെഡിറ്റേഷൻസ്: ദ റിഫ്ലക്ഷൻസ് ഓഫ് ഹിസ് ഹോളിനസ് ദലൈ ലാമ’ എന്ന ഓഡിയോ ബുക്കിനാണ് അവാർഡ്. പ്രശസ്ത സരോദ് വായനക്കാരൻ അംജദ് അലി ഖാനും പുത്രന്മാരും ചേർന്നാണ് സംഗീത പശ്ചാത്തലം ഒരുക്കിയതെന്നതും ഈ ആൽബത്തിന്റെ പ്രത്യേകതയാണ്.
കൃതജ്ഞതയോടും വിനയത്തോടും കൂടിയാണ് ഈ പുരസ്കാരത്തെ സ്വീകരിക്കുന്നതെന്ന് ദലൈ ലാമ പ്രതികരിച്ചു. ഇതൊരു വ്യക്തിപരമായ നേട്ടമായല്ല താൻ കാണുന്നതെന്നും സമാധാനം, കരുണ, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കായുള്ള നമ്മുടെ ആഗോള ഉത്തരവാദിത്തത്തിനുള്ള അംഗീകാരമായാണ് എന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

അതേസമയം വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പീൽബർഗും തന്റെ തന്റെ ആദ്യ ഗ്രാമി സ്വന്തമാക്കി. ഇതോടെ എമ്മി, ഗ്രാമി, ഓസ്കർ, ടോണി എന്നീ നാല് പ്രധാന പുരസ്കാരങ്ങളും നേടിയവരുടെ എലൈറ്റ് ക്ലബ്ബായ ഈഗോട്ടിൽ അദ്ദേഹം തന്റെ പേരും എഴുതിച്ചേർത്തു.

ഗ്രാമി അവാർഡുകളുടെ 68 വർഷത്തെ ചരിത്രത്തിൽ, ആൽബം ഓഫ് ദി ഇയർ പുരസ്കാരം നേടുന്ന ആദ്യ ലാറ്റിൻ കലാകാരനായി ബാഡ് ബണ്ണി മാറി. ലേഡി ഗാഗയെയും കെൻഡ്രിക് ലാമറിനെയും പിന്തള്ളിയാണ് ബാഡ് ബണ്ണി ഈ പുരസ്കാരം നേടിയത്. സ്വപ്നങ്ങൾ പിന്തുടരാൻ സ്വന്തം വീട്, ഭൂമി, രാജ്യം എന്നിവ ഉപേക്ഷിക്കുന്ന കുടിയേറ്റക്കാർക്ക് ഈ പുരസ്കാരം സമർപ്പിക്കുന്നതായി 31കാരനായ കലാകാരൻ പ്രതികരിച്ചു.
