എറണാകുളം: കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കി നിർമിച്ചതാണെന്ന് ആരോപിക്കപ്പെടുന്ന ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ റിലീസ് തടയാതെ ഹൈക്കോടതി. സിനിമയെ ഒരു കലയായി കണ്ടാൽ പോരേ എന്ന് ചോദിച്ച കോടതി ചിത്രം വിചാരണയെ ബാധിക്കുമെന്നതിന് എന്ത് തെളിവാണുള്ളതെന്നും ഹർജിക്കാരനോട് ആരാഞ്ഞു.

കേസിലെ പ്രതിയായ അഫാൻ്റെ പിതാവാണ് സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേസിലെ വിചാരണ പൂർത്തിയായിട്ടില്ല. ഈ സാഹചര്യത്തിൽ സിനിമ റിലീസ് ചെയ്യുന്നത് കേസിൻ്റെ സ്വഭാവത്തെയും വിസ്താരത്തെയും ബാധിക്കും എന്നതായിരുന്നു ഹര്ജിയിലെ പ്രധാന വാദം. സിനിമ ഒരു ‘മാധ്യമ വിചാരണയ്ക്ക്’ വഴിയൊരുക്കും. കേസിലെ സാക്ഷികളെ സ്വാധീനിക്കാനും ഇടയുണ്ട്. സിനിമയുടെ പേരിൽ കുടുംബത്തെ സമൂഹ മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുന്നുവെന്നും ഹർജിയിൽ അഫാൻ്റെ പിതാവ് വാദമായി ഉന്നയിക്കുന്നുണ്ട്. വിചാരണ കഴിയുംവരെ സിനിമ പുറത്തിറങ്ങുന്നത് തടയണമെന്നാണ് ആവശ്യം.
ഹർജി പരിഗണിച്ച ഹൈക്കോടതി നിർണായകമായ ചില ചോദ്യങ്ങളാണ് ഉയർത്തിയത്. വെഞ്ഞാറമൂട് കൊലപാതകക്കേസുമായി സിനിമയ്ക്ക് ബന്ധമുണ്ടെന്ന് പറയുന്നതിന് എന്ത് തെളിവാണ് ഉള്ളതെന്ന് കോടതി ചോദിച്ചു. ഒരു സിനിമ റിലീസ് ചെയ്യുന്നത് എങ്ങനെയാണ് അന്വേഷണത്തെയും വിചാരണയെയും തടസ്സപ്പെടുത്തുന്നതെന്നും കോടതി നിരീക്ഷിച്ചു.

സംഭവത്തിൽ സെൻസർ ബോർഡ് ഉൾപ്പെടെയുള്ള എതിർകക്ഷികളോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഫെബ്രുവരി 6-നാണ് ചിത്രത്തിൻ്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. അതിനിടയlലാണ് ഹൈക്കോടതിയിൽ ഹർജി എത്തിയത്.

പ്രസാദ് നൂറനാട് സംവിധാനം ചെയ്ത് കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി കഥയെഴുതി നിർമിക്കുന്ന ചിത്രമാണ് ഫെബ്രുവരി ആറിന് റിലീസ് ചെയ്യുന്നത്. നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകമാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് ഹർജിയിലെ ആരോപണം. എന്നാൽ സിനിമയ്ക്ക് വെഞ്ഞാറമൂട് കൂട്ടക്കൊലപാതകവുമായി ബന്ധമില്ലെന്നും കേരളത്തിൽ നടന്ന പല സംഭവങ്ങളെ കോർത്തിണക്കിയാണ് സിനിമയെന്നും സംവിധായകൻ പ്രസാദ് നൂറനാട് പ്രതികരിച്ചു. ലഹരിവസ്തുക്കളുടെ വ്യാപനം അടക്കം സിനിമയിൽ ചർച്ച ചെയ്യുന്നുണ്ടെന്നും ഇക്കാര്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്നും സംവിധായകൻ വ്യക്തമാക്കി. ലഹരി വിരുദ്ധ സന്ദേശമാണ് സിനിമ നൽകുന്നതെന്നാണ് സംവിധായകൻ്റെ വാദം.
