വാഷിങ്ടൺ: യുഎസ് വിമാനവാഹിനി കപ്പലിന് നേരെയെത്തിയ ഇറാൻ്റെ ഡ്രോൺ വെടിവച്ചിട്ട് അമേരിക്ക. പടക്കപ്പലായ എബ്രഹാം ലിങ്കന് നേരെ എത്തിയ ഡ്രോണാണ് വെടിവച്ചിട്ടതെന്ന് യുഎസ് സൈന്യം അറിയിച്ചു. അറബിക്കടലിൽ വച്ചായിരുന്നു സംഭവം.

കടലിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് യുഎസ് വിമാനവാഹിനിക്കപ്പലിനടുത്തേക്ക് ഇറാനിയൻ ഡ്രോൺ പാഞ്ഞെത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കപ്പലിലെ എഫ്–35സി യുദ്ധവിമാനം ഉപയോഗിച്ച് ഡ്രോൺ വെടിവച്ചിട്ടുവെന്ന് യുഎസ് സൈനിക വക്താവ് പറഞ്ഞു. വിമാനവാഹിനിക്കപ്പലിൻ്റെയും അതിലെ ഉദ്യോഗസ്ഥരുടെയും സുരക്ഷയ്ക്കായാണ് ഇങ്ങനെ ചെയ്തതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് വ്യക്തമാക്കി.
അമേരിക്ക-ഇറാൻ സംഘർഷം മുറുകുന്നതിനിടെയാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. എന്നാൽ അവയുടെ പിന്നിലെ ലക്ഷ്യമെന്തെന്ന് വ്യക്തമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം നിരീക്ഷണ ഡ്രോൺ നൽകിയ വിവരങ്ങൾ സുരക്ഷിതമാണെന്നും പിന്നീട് അവയുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടുവെന്നും ഇറാനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആണവ ചർച്ചയിൽ അമേരിക്കയുടെ ഭീഷണിക്ക് ഇറാൻ വഴങ്ങില്ലെന്ന നിലപാട് ഖമേനിയുടെ മുഖ്യ ഉപദേഷ്ടാവ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

