കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജിയിൽ വിധി പറയുന്നതിനായി കോടതി മാറ്റി. കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതിയിൽ വാദം പൂർത്തിയായെങ്കിലും വിധി വരുന്നത് വരെ പ്രതിയെ 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. തൊണ്ണൂറ് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് സാധിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം കോടതിയെ സമീപിച്ചത്.

കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യം പ്രതിയുടെ അവകാശമാണെന്നും അത് അനുവദിക്കണമെന്നുമാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. ഏത് ഉപാധികൾ വേണമെങ്കിലും അംഗീകരിക്കാമെന്ന നിലപാടാണ് പ്രതിഭാഗം കോടതിയിൽ സ്വീകരിച്ചത്. എന്നാൽ നിയമപരമായി ജാമ്യം തടയാൻ സാധിക്കാത്ത സാഹചര്യത്തിൽ കർശന ഉപാധികൾ വയ്ക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
വലിയ തുക കെട്ടിവയ്ക്കണമെന്നതടക്കമുള്ള ഉപാധികളാണ് പ്രോസിക്യൂഷൻ മുന്നോട്ടുവച്ചത്. ഇക്കാര്യങ്ങളിൽ കോടതിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.

റിമാൻഡ് കാലാവധി പൂർത്തിയായതിനെത്തുടർന്ന് ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാക്കിയിരുന്നു. ഇന്ന് വൈകുന്നേരത്തോടെ വിധി ഉണ്ടാകുമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും വിധി പ്രസ്താവം പിന്നീടാകും ഉണ്ടാവുക. ദ്വാരപാലക ശിൽപ കേസിലും കട്ടളപ്പാളി കേസിലുമാണ് പോറ്റിക്ക് ജാമ്യം ലഭിക്കേണ്ടിയിരുന്നത്. ഇതിൽ ദ്വാരപാലക ശിൽപം കടത്തിയ കേസിൽ നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കട്ടളപ്പാളി കേസിൽ കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ അദ്ദേഹത്തിന് പുറത്തിറങ്ങാൻ കഴിയൂ.

