കൊല്ലം: ആരോഗ്യ രംഗത്തെ ബഹുരാഷ്ട്ര കുത്തകകളെ നേരിടാൻ സഹകരണ മേഖല തയ്യാറെടുക്കുന്നു. സഹകരണ ബദൽ എന്ന ആശയം ഉയർത്തി കേരളത്തിലെ എല്ലാ ജില്ലകളിലും സഹകരണ ആശുപത്രികൾ സ്ഥാപിക്കാനുള്ള സർക്കാർ നയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സഹകരണ കോൺക്ലേവ് 16ന് കൊല്ലത്ത് എൻഎസ് സഹകരണ ആശുപത്രി ക്യാമ്പസിൽ നടക്കും.

കേരളത്തിലെ ആതുരസേവന മേഖലയിലേക്ക് ബഹുരാഷ്ട്ര കുത്തകകൾ കടന്നുവരുന്ന സാഹചര്യത്തെ നേരിടാൻ സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ എൻ എസ് സഹകരണ ആശുപത്രി മോഡൽ സംസ്ഥാനത്താകെ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് 16ന് കൊല്ലം എൻഎസ് ആശുപത്രി ക്യാമ്പസിൽ നടക്കുന്ന സഹകരണ ആരോഗ്യ കോൺക്ലേവിൽ റിപ്പോർട്ട് തയാറാക്കി സർക്കാരിന് സമർപ്പിക്കും. സഹകരണ സംഘങ്ങളുടെ കൺസോർഷ്യം രൂപീകരിച്ച് എല്ലാ ജില്ലകളിലും 300 കിടക്കയുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ ആദ്യഘട്ടത്തിൽ ആരംഭിക്കും.
കൂടാതെ പ്രാഥമിക സഹകരണ ബാങ്കുകളുടെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തിലും ഇന്റഗ്രേറ്റഡ് മെഡിസിൻ ആന്റ് പ്രിവന്റീവ് ക്ലിനിക്കും ആരംഭിക്കും. കേരളത്തിലെ ചികിത്സാ ഫീസ് അമേരിക്കയിൽ നിന്നുള്ള വൻകിട കോർപ്പറേറ്റുകൾ നിർണയിക്കുന്ന സാഹചര്യം ഒഴിവാക്കാനാകണമെന്നും സഹകരണ സംഘം രജിസ്ട്രാർ ഡി സജിത് ബാബു, എൻഎസ് സഹകരണ ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രൻ എന്നിവർ ചൂണ്ടികാട്ടി.

അലോപ്പതി, ആയുർവേദം, ജിം, യോഗാ വെൽനസ്സ് തുടങ്ങിയ വിഭാഗങ്ങൾ ഇതിലുണ്ടാകും. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ അറുപത് വയസ്സ് കഴിഞ്ഞവർക്കായി എൻഎസ് ആശുപത്രിയുടെ സാഫല്യം ജെറിയാട്രിക് സെന്റർ മാതൃകയിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ സാഫല്യം സെന്ററുകൾ സ്ഥാപിക്കും.സംസ്ഥാനത്തെ 800ലധികം സഹകരണ സംഘങ്ങളുടെ പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുക്കും. മന്ത്രി വി എൻ വാസവൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും.

