തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൻ്റെ ഒന്നാം ഘട്ടം നാടകീയമായ രംഗങ്ങളോടെയാണ് അവസാനിച്ചത്. ശബരിമല സ്വർണ്ണക്കവർച്ചാ കേസ്, പ്രതിപക്ഷ പ്രതിഷേധം, എയ്ഡഡ് സ്കൂൾ നിയമനം തുടങ്ങിയ വിഷയങ്ങളിൽ സഭ പ്രക്ഷുബ്ധമായി. സഭാനടപടികൾ വെട്ടിച്ചുരുക്കി പിരിഞ്ഞപ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും മുദ്രാവാക്യം വിളികളുമായി പുറത്തിറങ്ങി.

സഭാനടപടികൾ വെട്ടിച്ചുരുക്കി ഇന്നത്തേക്ക് സഭ പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിച്ചതിന് പിന്നാലെ ഭരണപക്ഷ അംഗങ്ങളും മുദ്രാവാക്യം വിളിച്ച് പ്രകടനമായാണ് സഭയിൽ നിന്ന് പുറത്തേക്ക് വന്നത്. സഭയ്ക്കുള്ളിൽ പ്രതിപക്ഷം പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിഷേധിച്ചിരുന്നു. ഇതിനു മറുപടിയെന്നോണമാണ് സഭ പിരിഞ്ഞയുടൻ ഭരണപക്ഷ എംഎൽഎമാർ ഒന്നടങ്കം എഴുന്നേറ്റ് മുദ്രാവാക്യം വിളിച്ച് പുറത്തേക്ക് നീങ്ങിയത്. ശബരിമല വിഷയത്തിൽ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സഭയിൽ കാട്ടിക്കൂട്ടുന്നത് കോപ്രായങ്ങളാണെന്നും ആരോപിച്ചായിരുന്നു ഭരണപക്ഷത്തിൻ്റെ പ്രകടനം. സഭ ഇനി ഈ മാസം 23ന് വീണ്ടും ചേരും.
ബഹളം രൂക്ഷമായതിനെത്തുടർന്ന് ചോദ്യോത്തരവേള റദ്ദാക്കുകയും മറ്റ് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്ത ശേഷമാണ് സ്പീക്കർ സഭ പിരിയുന്നതായി പ്രഖ്യാപിച്ചത്. ഇതോടെ നിയമസഭാ സമ്മേളനത്തിൻ്റെ ഈ ഘട്ടം പൂർത്തിയായി. സഭയ്ക്കുള്ളിലെ പ്രതിഷേധം അവസാനിപ്പിച്ച് പ്രതിപക്ഷം സഭാ കവാടത്തിൽ സത്യഗ്രഹം തുടരുന്നതിനിടെയാണ് ഭരണപക്ഷവും മുദ്രാവാക്യങ്ങളുമായി പുറത്തെത്തിയത്. ഇതോടെ നിയമസഭാ മന്ദിരം ഭരണ-പ്രതിപക്ഷ പോരിന് വേദിയായി മാറി. നിയമസഭാ സമ്മേളനത്തിൻ്റെ ഒന്നാം ഘട്ടം അവസാനിക്കുന്ന ഇന്ന് പ്രതിപക്ഷം സഭയിലേക്ക് എത്തിയത് പ്രകടനമായാണ്.

സാധാരണ ഗതിയിൽ അംഗങ്ങൾ സീറ്റുകളിൽ ഇരിക്കാറാണ് പതിവെങ്കിൽ ഇത്തവണ സഭാ കവാടം മുതൽ മുദ്രാവാക്യം വിളിച്ചാണ് അവർ അകത്തേക്ക് പ്രവേശിച്ചത്. സഭയുടെ ചരിത്രത്തിൽ തന്നെ ഇത് അപൂർവ സംഭവമാണ്. അയ്യപ്പൻ്റെ സ്വർണം കട്ടവർക്ക് ജാമ്യം നൽകിയ സർക്കാർ രാജി വയ്ക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ സഭയിൽ മുഴങ്ങി. സഭ തുടങ്ങിയ ഉടൻ തന്നെ സ്പീക്കറുടെ ഡയസിന് മുന്നിലെത്തി പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചതോടെ സഭാനടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമുണ്ടായി.

