കൊച്ചി: ഫെബ്രുവരി 12 വ്യാഴാഴ്ച നടക്കുന്ന ദേശീയ പണിമുടക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നേക്കും. അധ്യാപകരും, വിദ്യാർഥികളും ഉൾപ്പെടെ സമരത്തിൽ പങ്കെടുക്കുമെന്നാണ് സംയുക്ത സമര സമിതി പറയുന്നത്. സിപിഎം ഉൾപ്പെടെയുള്ള പാർട്ടികളും തൊഴിലാളി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

ദേശീയ പണിമുടക്കിൽ കേരളത്തിലെ എല്ലാ തൊഴിൽ മേഖലയും നിശ്ചലമാകുമെന്നാണ് സമരസമിതി നേതാക്കൾ പറയുന്നത്. രാജ്യത്തെ 10 കേന്ദ്ര തൊഴിലാളി സംഘടനകളും, ദേശീയ ഫെഡറേഷനുകളും, ബാങ്ക്, ഇൻഷുറൻസ്, കേന്ദ്ര സംസ്ഥാന ജീവനക്കാരും, അധ്യാപകരും ജനുവരി 9നു ഡൽഹിയിൽ യോഗം ചേർന്നാണ് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
കർഷക മോർച്ചയും, മഹിളാ – യുവജന – വിദ്യാർഥി സംഘടനകളും, പണിമുടക്കിൻ്റെ ഭാഗമാകുമെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തിൽ വിവിധ തൊഴിൽ മേഖലകളായ പരമ്പരാഗത കശുവണ്ടി, കയർ, കൈത്തറി, മത്സ്യബന്ധനവും വിപണനവും, സംസ്ഥാനത്തെ വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലും, കട കമ്പോളങ്ങളിൽ പണിയെടുക്കുന്നവരും, തുറമുഖം, പൊതുമേഖലാ സ്ഥാപനങ്ങൾ,സ്വകാര്യ വ്യവസായങ്ങൾ, കയറ്റിറക്ക് തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, സ്കീം വർക്കർമാർ, ലോട്ടറി, തൊഴിലുറപ്പ്, ടെലികോം, വൈദ്യുതി, മോട്ടോർ വാഹനങ്ങൾ, ഓൺലൈൻ വ്യാപാരം, ഐടി മേഖല, തുടങ്ങി എല്ലാ രംഗങ്ങളിലും തൊഴിലാളികൾ 24 മണിക്കൂർ നടക്കുന്ന പണിമുടക്കിൽ പങ്കെടുക്കും.

പത്ര – മാധ്യമ രംഗത്തെ ജീവനക്കാർ പണിമുടക്കിൽ അണിനിരക്കും എന്നും സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എൽഡിഎഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മേഖലാ പ്രചാരണ ജാഥകൾ ഫെബ്രുവരി 12 ലെ പണിമുടക്ക് ദിവസം മാറ്റി നിശ്ചയിച്ചിട്ടുണ്ട്. പണിമുടക്കിൻ്റെ ഭാഗമായി ജില്ലാ കൺവൻഷനുകൾ പൂർത്തീകരിച്ചിട്ടുണ്ട്. പ്രാദേശിക കൺവൻഷനുകൾ ഫെബ്രുവരി 5നകം പൂർത്തീകരിക്കും. ഏരിയ/മണ്ഡലം അടിസ്ഥാനത്തിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഫെബ്രുവരി 12 നു മുൻപ് വാഹന പ്രചാരണ ജാഥകളും, വിളംബര ജാഥകളും സംഘടിപ്പിക്കും.

