മുംബൈ: ടി20 ലോകകപ്പിന് ഫെബ്രുവരി 7നു തുടക്കമാകുന്നു. ടി20 ഫോര്‍മാറ്റിലെ ലോക പോരിന്റെ 10ാം അധ്യായമാണ് ഇത്തവണത്തേത്. ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് പോരാട്ടങ്ങള്‍. പാകിസ്ഥാന് ഇന്ത്യന്‍ മണ്ണില്‍ കളിക്കാത്തതിനാലാണ് ശ്രീലങ്കയിലും വേദിയൊരുങ്ങിയത്. ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 8 വരെയാണ് ഇത്തവണ പോരാട്ടം. ഫൈനലടക്കം 55 മത്സരങ്ങളാണ് ലോകകപ്പിലുള്ളത്.

4 ഗ്രൂപ്പുകള്‍, 5 ടീമുകള്‍
ഇന്ത്യ, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, യുഎസ്എ, വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, പാകിസ്ഥാന്, സ്കോട്ലന്ഡ്, കാനഡ, ഇറ്റലി, നെതര്‍ലന്‍ഡ്സ്, നമീബിയ, സിംബാബ്വെ, നേപ്പാള്‍, ഒമാന്‍, യുഎഇ ടീമുകളാണ് ഇത്തവണ പോരിനിറങ്ങുന്നത്. നാല് ഗ്രൂപ്പുകളാക്കിയാണ് ടീമുകളെ അണിരത്തുന്നത്.

ഗ്രൂപ്പ് എ: ഇന്ത്യ, യുഎസ്എ, പാകിസ്ഥാന്, നെതര്‍ലന്‍ഡ്സ്, നമീബിയ.

ഗ്രൂപ്പ് ബി: ശ്രീലങ്ക, ഓസ്ട്രേലിയ, അയര്‍ലന്‍ഡ്, സിംബാബ്വെ, ഒമാന്‍.
ഗ്രൂപ്പ് സി: ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, നേപ്പാള്‍, ഇറ്റലി, സ്കോട്ലന്ഡ്.
ഗ്രൂപ്പ് ഡി: കാനഡ, യുഎഇ, അഫ്ഗാനിസ്ഥാന്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്.
20 ടീമുകള്‍
കഴിഞ്ഞ ലോകകപ്പില്‍ 20 ടീമുകളാണ് മാറ്റുരച്ചത്. ഇത്തവണയും 20 ടീമുകള്‍ തന്നെ കളത്തിലെത്തും. കന്നി ലോകകപ്പ് 2007ലാണ് അരങ്ങേറിയത്. അന്ന് 12 ടീമുകളാണ് മാറ്റുരച്ചത്. 2009, 2010, 2012 വര്‍ഷങ്ങളിലും 12 ടീമുകളാണ് പങ്കെടുത്തത്. 2014, 16, 21, 22 വര്‍ഷങ്ങളില്‍ ടീമുകളുടെ എണ്ണം 16 ആയി ഉയര്‍ത്തി. 2024ലാണ് ടീമുകളുടെ എണ്ണം 20ല്‍ എത്തിയത്.
ഇറ്റലി
ഇതാദ്യമായി ടി20 ലോകകപ്പ് കളിക്കാനെത്തുന്ന ടീം ഇറ്റലിയാണ്. യൂറോപ്യന്‍ യോഗ്യതാ പോരാട്ടം കളിച്ചാണ് അവര്‍ വരുന്നത്. ഇറ്റലിക്കൊപ്പം യൂറോപ്യന്‍ പ്രതിനിധികളായി നെതര്‍ലന്‍ഡ്സുമുണ്ട്.
കാനഡ, യുഎസ്എ ടീമുകളുടെ രണ്ടാം ടി20 ലോകകപ്പാണ് ഇത്തവണത്തേത്. നേപ്പാള്‍ ഇത് മൂന്നാം തവണയാണ് ലോക പോരിനിറങ്ങാന്‍ ഒരുങ്ങുന്നത്.
വേദികള്‍
മുംബൈ വാംഖഡെ സ്റ്റേഡിയം, ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം, ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയം, അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം, കൊല്‍ക്കത്ത ഈഡന് ഗാര്ഡന് സ്റ്റേഡിയം എന്നിവയാണ് ഇന്ത്യയിലെ വേദികള്‍.
കൊളംബോ എസ്എസ്സി ക്രിക്കറ്റ് ഗ്രൗണ്ട്, ആര് പ്രേമദാസ സ്റ്റേഡിയം, കാന്‍ഡിയിലെ പല്ലക്കീല്‍ ക്രിക്കറ്റ് സ്റ്റേഡിയം എന്നിവയാണ് ശ്രീലങ്കയിലെ വേദികള്‍.
ചാംപ്യന്മാര്
ഇന്ത്യയാണ് നിലവിലെ ചാംപ്യന്മാര്. ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് ടീമുകള്‍ രണ്ട് തവണ കിരീടം സ്വന്തമാക്കിയവരാണ്. 2007ലെ കന്നി ലോകകപ്പ് ഇന്ത്യയാണ് നേടിയത്. പിന്നീട് 2024ലും നേട്ടം ആവര്‍ത്തിച്ചു. ഇംഗ്ലണ്ട് 2010ലും 2022ലും കിരീടം നേടി. വെസ്റ്റ് ഇന്‍ഡീസ് 2012ലും 2016ലും കിരീടത്തില്‍ മുത്തം ചാര്‍ത്തി. ഓസ്ട്രേലിയ 2021ലും പാകിസ്ഥാന് 2009ലും ശ്രീലങ്ക 2014ലും ലോക കിരീടം സ്വന്തമാക്കി.
ബംഗ്ലാദേശ് പുറത്ത്, സ്കോട്ലന്ഡ് അകത്ത്
ലോകകപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബംഗ്ലാദേശിനെ ഐസിസി പുറത്താക്കി. ഇന്ത്യയില്‍ ലോകകപ്പ് കളിക്കാന്‍ സാധിക്കില്ലെന്ന കടുത്ത നിലപാടാണ് അവരുടെ പുറത്താകലില്‍ കലാശിച്ചത്. പകരം സ്കോട്ലന്ഡിനു കളിക്കാന്‍ അവസരം കിട്ടി. 2009ലും സമാന രീതിയില്‍ സ്കോട്ലന്ഡ് ലോകകപ്പില്‍ പകരം കളിച്ചിട്ടുണ്ട്. അന്ന് ഇംഗ്ലണ്ടില്‍ കളിക്കില്ലെന്ന സിംബാബ്വെയുടെ കടുംപിടിത്തമാണ് സ്കോട്ലന്ഡിനു വഴിയൊരുക്കിയത്. ലോകകപ്പ് ഷെഡ്യൂളടക്കം പുറത്തു വന്ന ശേഷമാണ് വിവാദങ്ങള്‍ ഉടലെടുത്തത്. പിന്നാലെയാണ് ബംഗ്ലാദേശിന്റെ പുറത്താകല്‍.
