വഡോദര: വനിതാ പ്രീമിയര്‍ ലീഗില്‍ കന്നി കിരീടമെന്ന ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മോഹം ചെയ്സ് ചെയ്ത് തല്ലിക്കെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു. അവര്‍ ഒരിക്കല്‍ കൂടി ചാംപ്യന്‍പട്ടം സ്വന്തമാക്കി. 2026ലെ വനിതാ പ്രീമിയര്‍ ലീഗ് കിരീടം ആര്‍സിബി വനിതകള്‍ അനായാസം തൂക്കി. ഫൈനലിലെ ത്രില്ലര്‍ പോരാട്ടത്തില്‍ ആറ് വിക്കറ്റ് വിജയമാണ് ആര്‍സിബി ആഘോഷിച്ചത്.

ഡല്‍ഹി ഉയര്‍ത്തിയ 204 റണ്‍സ് വിജയ ലക്ഷ്യം ആര്‍സിബി 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഡല്‍ഹി നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ്. ആര്‍സിബി 19.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ്.
ആര്‍സിബിയുടെ രണ്ടാം കിരീട നേട്ടം. ഒപ്പം വനിതാ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ കിരീടമെന്ന മുംബൈ ഇന്ത്യന്‍സിന്റെ റെക്കോര്‍ഡിനൊപ്പവും അവര്‍ എത്തി. ഇരു ടീമുകള്‍ക്കും രണ്ട് വീതം കിരീടങ്ങള്‍.

ഡല്‍ഹിയുടേത് സങ്കടകരമായ അവസ്ഥയാണ്. വനിതാ പ്രീമിയര്‍ ലീഗ് തുടങ്ങിയ ശേഷം തുടരെ നാലാം വട്ടമാണ് അവര്‍ ഫൈനലിലേക്ക് കടക്കുന്നത്. ഇത്തവണയും അവര്‍ക്ക് കടമ്പ താണ്ടാനായില്ല. 2023ല്‍ വനിതാ പ്രീമിയര്‍ ലീഗിന്റെ പ്രഥമ പതിപ്പില്‍ അവര്‍ മുംബൈ ഇന്ത്യന്‍സിനോട് ഫൈനലില്‍ തോറ്റു. 2024ല്‍ ആര്‍സിബിക്കെതിരെയായിരുന്നു തോല്‍വി. കഴിഞ്ഞ വര്‍ഷം വീണ്ടും മുംബൈ ഇന്ത്യന്‍സിനു തന്നെ കിരീടം അടിയറവ് വച്ചു. ഇത്തവണ വീണ്ടും ആര്‍സിബിക്ക് മുന്നിലും തോല്‍വിയുടെ ആവര്‍ത്തനം.

സ്മൃതിയാണ് ടോപ് സ്കോറര്‍. താരം 41 പന്തില്‍ 12 ഫോറും 3 സിക്സും സഹിതം 87 റണ്‍സെടുത്തു. ജോര്‍ജിയ 54 പന്തില്‍ 14 ഫോറുകള്‍ സഹിതം 79 റണ്‍സും കണ്ടെത്തി.
