കൊച്ചി: ഐ എസ് എല്ലിലെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടത്തും. വാടകയിൽ ഇളവ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് ജി സി ഡി എ തയ്യാറായതോടെയാണ് മത്സരങ്ങൾ വീണ്ടും കൊച്ചിയിലേക്ക് എത്തുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം ഹോം ഗ്രൗണ്ട് ആക്കാൻ ബ്ലാസ്റ്റേഴ്സ് ചർച്ചകൾ ആരംഭിച്ചിരുന്നു. എന്നാൽ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ക്ലബിന് കൈമാറാൻ ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
സ്റ്റേഡിയം വിട്ടു നൽകാൻ വാടക ഇനത്തിൽ കൂടുതൽ പണം വേണമെന്ന കോർപറേഷൻ അധികൃതരുടെ വാശിയാണ് മത്സരം കൊച്ചിയിലേക്ക് മാറ്റാൻ ക്ലബ് തീരുമാനിച്ചത് എന്നും റിപ്പോർട്ടുകളുണ്ട്.

കലൂർ സ്റ്റേഡിയത്തിൽ ഫ്ലഡ്ലൈറ്റുകൾ സ്ഥാപിക്കുന്നത് അടക്കമുള്ള മറ്റു ചില ജോലികൾ ഇനിയും അവശേഷിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം ഈ മാസം 22 ന് മുംബൈ സിറ്റി എഫ്സിക്ക് എതിരെയാണ്. അതിന് മുൻപ് സ്റ്റേഡിയം സജ്ജമാക്കി ക്ലബിന് കൈമാറും. സ്റ്റേഡിയത്തിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട് ജി സി ഡി എ അധികൃതരുമായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ചർച്ച നടത്തിയതായാണ് സൂചന.

