എറണാകുളം: പാതിവിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. പറവൂർ സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എ എൻ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള നാല് പേർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചത്. പണമടച്ച് ഒരു വർഷം കഴിഞ്ഞിട്ടും സ്കൂട്ടറോ പണമോ തിരിച്ച് ലഭിച്ചില്ലെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.

സൈൻ അഥവാ സൊസൈറ്റി ഫോർ ഇൻ്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദ നേഷൻ എന്ന സൊസൈറ്റിയുടെ പ്രസിഡൻ്റാണ് എ എൻ രാധാകൃഷ്ണൻ. ഇദ്ദേഹത്തെ കൂടാതെ സൊസൈറ്റി അംഗങ്ങളായ മറ്റ് മൂന്ന് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ചെങ്ങമനാട് സ്വദേശി സുമീഷാണ് കേസിലെ ഒന്നാം പ്രതി. എ എൻ രാധാകൃഷ്ണൻ രണ്ടാം പ്രതിയും വാഴക്കാല സ്വദേശികളായ രൂപേഷ് മേനോൻ, ബിനീഷ് എന്നിവർ കൂട്ടുപ്രതികളുമാണ്. ഭാരതീയ ന്യായ സംഹിതയിലെ 406, 420, 34 തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
സന്നദ്ധ സംഘടനകളുടെ സ്വതന്ത്ര ദേശീയ കൂട്ടായ്മയായ നാഷണൽ എൻജിഒ കോൺഫെഡറേഷൻ്റെ വനിത ശാക്തീകരണത്തിന് വേണ്ടി നടപ്പിലാക്കുന്ന പദ്ധതി പ്രകാരം വനിത ഗുണഭോക്താക്കൾക്കായി വാഹനം വാങ്ങുമ്പോൾ 50 ശതമാനം സാമ്പത്തിക സഹായം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

ഈ പദ്ധതി നടപ്പിലാക്കുന്നതിനായി സൈൻ എന്ന സംഘടനയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സംഘടനയുടെ കോർഡിനേറ്റർ ആണെന്നും സ്വയം പരിചയപ്പെടുത്തിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. 2024 മെയ് ഒമ്പതിന് പ്രതിയുടെ ചെങ്ങമനാടുള്ള വീട്ടിൽ വച്ച് 63,500 രൂപ പരാതിക്കാരിയിൽ നിന്നും പണമായി കൈപ്പറ്റിയെന്നും എന്നാൽ വാഗ്ദാനം ചെയ്ത വാഹനമോ വാങ്ങിയ പണമോ തിരികെ നൽകാതെ വഞ്ചിക്കുകയായിരുന്നുവെന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

