ന്യൂഡല്‍ഹി: അതി വേഗ റെയില്‍പ്പാതയ്ക്ക് വേണ്ടി സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും പന്ത് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ കോര്‍ട്ടിലാണെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയില്‍ ഇതേക്കുറിച്ച് കേരളത്തില്‍ നിന്നുള്ള അംഗം ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കേവലം പതിനാല് ശതമാനം ഭൂമി ഏറ്റടുക്കല്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഇ ശ്രീധരന് സംസ്ഥാനത്ത് ഓഫീസ് തുറന്നത് ചൂണ്ടിക്കാട്ടി ആയിരുന്നു ജോണ്‍ബ്രിട്ടാസ് ചോദ്യം ഉയര്‍ത്തിയത്. സില്‍വര്‍ ലൈന്‍ വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്ന പദ്ധതിയാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. ആര്‍ആര്‍ടിഎസ് പ്രായോഗികമല്ലെന്ന ശ്രീധരന്റെ നിലപാടിനെ പിന്തുണയ്ക്കുന്ന നിലപാടാണ് അശ്വിനി വൈഷ്ണവിന്റെ ഭാഗത്ത് നിന്നുണ്ടായത്. അതേസമയം മലപ്പുറത്ത് ശ്രീധരന് ഓഫീസ് തുറന്നത് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെയാണോയന്ന ചോദ്യത്തോട് അദ്ദേഹം വ്യക്തമായി പ്രതികരിച്ചില്ല.
രാജ്യം മുഴുവന്‍ ആദരിക്കുന്ന വ്യക്തിയാണ്, ഡോ.ഇ ശ്രീധരനെന്നും രാജ്യം കണ്ട ഏറ്റവും മികച്ച എന്‍ജിനീയറായ അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ പദ്ധതികളിലും താന്‍ തേടാറുണ്ടെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഇപ്പോള്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയില്‍ ഇടനാഴികളും അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ തന്നെയാണ് തയാറാക്കിയിട്ടുള്ളത്. കൊങ്കണ്‍ റെയില്‍വേയിലും കൊച്ചി മെട്രോയിലുമെല്ലാം അദ്ദേഹത്തിന്റെ കഴിവ് രാജ്യം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ 140 കോടി ജനങ്ങള്‍ക്ക് നല്ലത് വരുത്താനായി ആര് മുന്നോട്ട് വന്നാലും കേന്ദ്രസര്‍ക്കാര്‍ അതിന് വേണ്ട പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി അതിവേഗ റെയില്‍വേയ്ക്ക് വേണ്ടി സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. നേരത്തെ അങ്കമാലി ശബരിമല റെയില്‍വേ പാതയ്ക്കായി ആവര്‍ത്തിച്ച് സ്ഥലം ഏറ്റെടുത്ത് നല്കാന് കേന്ദ്രം ആവശ്യപ്പെട്ടിട്ടും സംസ്ഥാനം തയാറായില്ല. എന്നാല്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ ഇത് അവസാനിപ്പിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏതായാലും ഇ ശ്രീധരന്റെ പദ്ധതിക്ക് തന്നെയാകും കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയെന്ന് വ്യക്തമാക്കുന്നതാണ് ഇന്ന് രാജ്യസഭയില്‍ അശ്വിനി വൈഷ്ണവ് നടത്തിയ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. അതിവേഗ റെയില്‍ ഇടനാഴില്‍ കേരളം ഉള്പ്പെടാത്തതിലും സില്‍വര്‍ ലൈന്‍ ബജറ്റില്‍ തുക വകയിരുത്താത്തിലും സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
