എസ് എസ് രാജമൗലി ഒരുക്കുന്ന ‘വാരാണസി’യുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കുംഭ എന്ന വില്ലൻ വേഷത്തിലാണ് പൃഥ്വിരാജ് രാജമൗലി ചിത്രത്തിൽ എത്തുന്നത്. അടുത്ത വർഷമാകും സിനിമയുടെ റിലീസ്. രാമായണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വാരാണസി ഒരുക്കിയിരിക്കുന്നതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.

ഇപ്പോഴിതാ തന്റെ എല്ലാ സിനിമകളും ശ്രീരാമനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് പറയുകയാണ് രാജമൗലി. പോളിഗണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാജമൗലി. “എന്റെ എല്ലാ സിനിമകളും ഭഗവാൻ രാമന്റെ ഇതിഹാസങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ഈ സിനിമയിൽ, രാമായണത്തിൽ നിന്നുള്ള ഒരു യഥാർത്ഥ എപ്പിസോഡ് എടുത്ത് അവതരിപ്പിക്കാൻ എനിക്ക് അവസരമുണ്ട്.
രാമന്റെ മുഴുവൻ കഥയും നിങ്ങൾക്ക് മനസ്സിലായേക്കില്ല, പക്ഷേ അതിന് വേണ്ടി പുരാണ കഥ പഠിക്കേണ്ട ആവശ്യമില്ല. കഥാപാത്രങ്ങളുടെ വികാരങ്ങൾ നിങ്ങൾ മനസ്സിലാക്കിയാൽ, എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകും. രാമന്റെയും ദശരഥന്റെയും ബന്ധത്തെ പോലെ തന്നെ ഒരു അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് വാരാണസി.”- രാജമൗലി പറഞ്ഞു.

രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് വാരാണസി. ആര്‍ആര്‍ആറിന് ശേഷമുള്ള അടുത്ത രാജമൗലി ചിത്രമെന്ന രീതിയില്‍ ആഗോളതലത്തില്‍ തന്നെ സിനിമ ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷ. പ്രിയങ്ക ചോപ്രയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. രുദ്ര എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മഹേഷ് ബാബു എത്തുന്നത്.

