വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്കും ഭാര്യ മിഷേൽ ഒബാമയ്ക്കും നേരെ വംശീയ അധിക്ഷേപവുമായി ഡോണൾഡ് ട്രംപ്. ഇരുവനെയും കുരങ്ങന്മാരാക്കി ചിത്രീകരിച്ചുകൊണ്ടുള്ള വീഡിയോ ട്രംപ് പങ്കുവെച്ചു. സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് വീഡിയോ പങ്കുവെച്ചത്. സംഭവത്തിൽ ട്രംപിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

ഒരു മിനുട്ട് ദൈർഘ്യമുള്ള വീഡിയോയുടെ അവസാന ഭാഗങ്ങളിലാണ് ട്രംപിന്റെ അധിക്ഷേപം ഉള്ളത്. 2020ലെ തെരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്താൻ ബാലറ്റ് എണ്ണുന്ന കമ്പനിയായ ഡോമിനിയൻ വോട്ടിങ് സിസ്റ്റം ശ്രമിച്ചുവെന്ന ആരോപണമുള്ളതാണ് വീഡിയോ. ഇതിന്റെ അവസാന ഭാഗങ്ങളിലാണ് അധിക്ഷേപമുള്ളത്.
ട്രംപിന്റെ ഈ പ്രവർത്തിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ഡെമോക്രറ്റിക്ക് നേതാവും, നിലവിൽ കാലിഫോർണിയ ഗവർണറുമായ ഗാവിൻ ന്യൂസം ട്രംപിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. ട്രംപിന്റേത് വൃത്തികെട്ട പ്രവർത്തിയാണെന്നും എല്ലാ റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകരും ഇതിനെ തള്ളിപ്പറയണമെന്നും ഗാവിൻ പറഞ്ഞു.

ബരാക് ഒബാമയുടെ കാലത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും, ഒബാമയുടെ വിശ്വസ്തനുമായ ബെൻ റോഡ്സും വിമർശനവുമായി രംഗത്തെത്തി. ട്രംപ് അമേരിക്കൻ ചരിത്രത്തിലെ ഒരു ‘കറ’യായിരിക്കുമെന്നും വംശീയവാദിയാണെന്നും ബെൻ റോഡ്സ് വിമർശിച്ചു.

