എറണാകുളം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി രണ്ടരക്കോടി രൂപ നിക്ഷേപിച്ചെന്ന ആരോപണം നിഷേധിച്ച് നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജു. തന്ത്രിയോ കുടുംബാംഗങ്ങളോ പണം നിക്ഷേപിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണിണിക്ക് പ്രചാരണത്തിനായി രണ്ട് കോടി രൂപ വായ്പ നൽകിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി. ഇതിൽ 20 ലക്ഷം രൂപ മാത്രമാണ് തിരികെ ലഭിച്ചതെന്നും ബാക്കി തുക ഇതുവരെ മടക്കി നൽകിയിട്ടില്ലെന്നും എൻ എം രാജു വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ട തന്ത്രി നെടുമ്പറമ്പിൽ ഫിനാൻസിൽ രണ്ടരക്കോടി രൂപ നിക്ഷേപിച്ചിരുന്നുവെന്നും സ്ഥാപനം തകർച്ച നേരിട്ടപ്പോൾ പണം തിരികെ നൽകിയില്ലെന്നുമുള്ള അഭ്യൂഹങ്ങൾക്കിടെയാണ് ഉടമ എൻ എം രാജുവിൻ്റെ വിശദീകരണം.
സാമ്പത്തിക ഇടപാടുകളെല്ലാം തങ്ങളുടെ ഓഫിസിലാണ് നടന്നതെന്നും അതിന് വ്യക്തമായ രേഖകളുണ്ടെന്നും അദ്ദേഹം അറിയിച്ചു. രണ്ടരക്കോടി രൂപയുടെ കാര്യത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ അങ്ങനെയൊരു ഇടപാട് നടന്നിട്ടില്ലെന്ന് പരസ്പര തർക്കങ്ങളില്ലാതെ തന്നെ മറുപടി നൽകി.

ഉദ്യോഗസ്ഥർ രേഖകൾ പരിശോധിക്കുകയും ചെയ്തു. അന്വേഷണ സംഘത്തിന് കൃത്യമായ മറുപടി ലഭിച്ചില്ലെന്നാണ് അവർ പറയുന്നതെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ തങ്ങൾ വ്യക്തമായ മറുപടി തന്നെ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. പണം നിക്ഷേപിച്ചിട്ടുണ്ടാകാം എന്നോ ഇല്ലായിരിക്കാം എന്നോ ഉള്ള അവ്യക്തമായ മറുപടിയല്ല താൻ നൽകിയതെന്നും ഇല്ല എന്ന് കൃത്യമായിത്തന്നെയാണ് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.

