ന്യൂഡൽഹി: ഭാരതീയ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.ബി.സി.ഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആർച്ച് ബിഷപ്പും ഇന്ത്യയിലെ ആദ്യത്തെ ദലിത് കർദ്ദിനാളുമായ പൂള അന്തോണിയെ തിരഞ്ഞെടുത്തു. ശനിയാഴ്ച നടന്ന സി.ബി.സി.ഐയുടെ മുപ്പത്തിയേഴാമത് പൊതുസമ്മേളനത്തിലാണ് ഈ ചരിത്രപരമായ തീരുമാനം ഉണ്ടായത്. ഇന്ത്യയിലെ ഏകദേശം രണ്ട് കോടിയോളം വരുന്ന കത്തോലിക്ക വിശ്വാസികളെ നയിക്കാൻ എത്തുന്ന ആദ്യ ദലിത് സഭാദ്ധ്യക്ഷനാണ് 64-കാരനായ കർദ്ദിനാൾ പൂള അന്തോണി.

ആൻഡ്രൂസ് താഴത്തായിരുന്നു ഇതിന് മുൻപ് ഈ പദവി അലങ്കരിച്ചിരുന്നത്. സഭ നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്താണ് കർദ്ദിനാൾ പൂള അന്തോണി സി.ബി.സി.ഐയുടെ നേതൃത്വം ഏറ്റെടുക്കുന്നത്. പതിറ്റാണ്ടുകളുടെ അജപാലന പരിചയവും ഭരണപാടവവും നീതിക്കും മാനുഷിക അന്തസ്സിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ നിലപാടുകളും സഭയ്ക്ക് മുതൽക്കൂട്ടാകുമെന്ന് സി.ബി.സി.ഐ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കും സഭയ്ക്കും എതിരെ നടക്കുന്ന അക്രമങ്ങളും വെല്ലുവിളികളും നിലനിൽക്കുന്ന സാഹചര്യത്തിൽ, ന്യൂനപക്ഷ അവകാശങ്ങൾക്കായി കേന്ദ്ര സർക്കാരുമായി ചർച്ചകൾ നടത്തുന്നതിനും പ്രതിനിധി സംഘങ്ങളെ നയിക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകുമെന്ന് സഭയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു.

1961 നവംബർ 15-ന് ആന്ധ്രാപ്രദേശിലെ കർണൂൽ രൂപതയിലുള്ള പോളൂരിലാണ് പൂള അന്തോണി ജനിച്ചത്. ബംഗളൂരുവിലെ സെന്റ് പീറ്റേഴ്സ് സെമിനാരിയിൽ നിന്ന് വൈദിക പഠനം പൂർത്തിയാക്കിയ അദ്ദേഹം 1992 ഫെബ്രുവരി 20-ന് വൈദികനായി പട്ടം സ്വീകരിച്ചു. തുടർന്ന് അമേരിക്കയിലെ ലോയോള യൂണിവേഴ്സിറ്റിയിൽ നിന്ന് ഉന്നത പഠനം പൂർത്തിയാക്കി.

2008-ൽ കർണൂൽ ബിഷപ്പായും, 2020 നവംബറിൽ ഹൈദരാബാദ് ആർച്ച് ബിഷപ്പായും അദ്ദേഹം നിയമിതനായി. 2022 ഓഗസ്റ്റ് 27-ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി. ഇന്ത്യയിൽ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ ദലിത് പുരോഹിതൻ എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്.
