ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ നടക്കുന്ന പ്രശസ്തമായ സുരാജ്കുണ്ഡ് അന്താരാഷ്ട്ര കരകൗശല മേളയിൽ ശനിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ ഒരു പോലീസ് ഇൻസ്പെക്ടർ കൊല്ലപ്പെട്ടു. മേളയിലെ വലിയ ഊഞ്ഞാൽ തകർന്നു വീണാണ് അപകടമുണ്ടായത്. ഇൻസ്പെക്ടർ ജഗദീഷ് പ്രസാദാണ് മരിച്ചത്. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. ഊഞ്ഞാൽ തകർന്നു വീണ ഉടനെ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയതായിരുന്നു ഇൻസ്പെക്ടർ ജഗദീഷ് പ്രസാദ്. രക്ഷാപ്രവർത്തനത്തിനിടെ ഊഞ്ഞാലിന്റെ ഒരു ഭാഗം അദ്ദേഹത്തിന്റെ മേൽ പതിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ ബാദ്ഷാ ഖാൻ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൽവാൽ സ്വദേശിയായ ജഗദീഷ് പ്രസാദ് മേളയിൽ ഡ്യൂട്ടിയിലായിരുന്നു. അപകടമുണ്ടായപ്പോൾ ആളുകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചതെന്ന് ഫരീദാബാദ് പോലീസ് വക്താവ് അറിയിച്ചു. പരിക്കേറ്റ 13 പേരിൽ ഒരാൾ മരണപ്പെട്ടതായും ബാക്കിയുള്ളവർ ചികിത്സയിലാണെന്നും ഡെപ്യൂട്ടി കമ്മീഷണർ ആയുഷ് സിംഗ് സ്ഥിരീകരിച്ചു. സംഭവത്തിൽ വീഴ്ച വരുത്തിയ കരാറുകാരനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടത്തെത്തുടർന്ന് ഡെപ്യൂട്ടി കമ്മീഷണർ, ടൂറിസം മാനേജിംഗ് ഡയറക്ടർ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ പ്രദേശം ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചു. ശക്തമായ കാറ്റുകാരണം മേളയിലെ ഫുഡ് കോർട്ടിന് സമീപമുള്ള ഒരു ഗേറ്റ് ഉച്ചയ്ക്ക് മറിഞ്ഞുവീണതായും റിപ്പോർട്ടുകളുണ്ട്.

ജനുവരി 31-ന് ആരംഭിച്ച സുരാജ്കുണ്ഡ് മേള ഫെബ്രുവരി 15 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയുടെ വൈവിധ്യമാർന്ന കരകൗശല വസ്തുക്കളും കലാരൂപങ്ങളും പ്രദർശിപ്പിക്കുന്ന ലോകത്തിലെ തന്നെ വലിയ മേളകളിൽ ഒന്നാണിത്. ഹരിയാന മുഖ്യമന്ത്രി നായബ് സൈനി അപകടത്തിൽ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.
