ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പുറത്തുവന്ന പതിനാറാം ധനകാര്യ കമ്മീഷൻ റിപ്പോർട്ടിൽ കേരളത്തിന് കേന്ദ്ര നികുതി വിഹിതത്തിൽ ഗണ്യമായ വർദ്ധനവ്. അതേസമയം, തിരഞ്ഞെടുപ്പിനൊരുങ്ങുന്ന മറ്റൊരു സംസ്ഥാനമായ പശ്ചിമ ബംഗാളിന് വിഹിതത്തിൽ തിരിച്ചടി നേരിട്ടു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് ലോക്സഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ ശുപാർശകളുള്ളത്.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ കാലയളവിൽ (2021-26) 1.925 ശതമാനമായിരുന്ന കേരളത്തിന്റെ വിഹിതം. പതിനാറാം കമ്മീഷൻ 2.382 ശതമാനമായി ഉയർത്തി. ഇതിലൂടെ 2026-27 സാമ്പത്തിക വർഷത്തിൽ കേരളത്തിന് ഏകദേശം 6,975 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രകടനവും മറ്റ് വികസന സൂചികകളും പരിഗണിച്ചാണ് ഈ വർദ്ധനവ്.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാളിന് വിഹിതത്തിൽ വലിയ കുറവാണുണ്ടായത്. ബംഗാളിന്റെ വിഹിതം 7.523 ശതമാനത്തിൽ നിന്ന് 7.215 ശതമാനമായി കുറഞ്ഞു. ഇതിലൂടെ വരും സാമ്പത്തിക വർഷം സംസ്ഥാനത്തിന് 4,700 കോടി രൂപയുടെ കുറവുണ്ടാകും.

ബംഗാളിലെ ലക്ഷ്മീർ ഭണ്ഡാർ പോലുള്ള പണക്കൈമാറ്റ പദ്ധതികൾ സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് കമ്മീഷൻ റിപ്പോർട്ടിൽ നിരീക്ഷിച്ചു. സബ്സിഡികൾക്ക് കൃത്യമായ സമയപരിധി നിശ്ചയിക്കണമെന്നും കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളായ അസമിലും തമിഴ്നാട്ടിലും വിഹിതത്തിൽ നേരിയ വർദ്ധനവുണ്ട്.അസംമിൽ വിഹിതം 3.128 ശതമാനത്തിൽ നിന്ന് 3.258 ശതമാനമായി ഉയർന്നു. തമിഴ്നാട്ടിൽ വിഹിതം 4.079 ശതമാനത്തിൽ നിന്ന് 4.097 ശതമാനമായി ഉയർന്നു.
