തിരുവനന്തപുരം: കേരളത്തിൻ്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയുള്ള വിപ്ലവകരമായ പദ്ധതിയായ ‘സ്കോളർ കണക്ട്’ (Scholar Connect) മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി 11-ന് ഉദ്ഘാടനം ചെയ്യും. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അക്കാദമിക് രംഗത്ത് പ്രവർത്തിക്കുന്ന മലയാളി പണ്ഡിതരെയും കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ കോർത്തിണക്കുന്നതാണ് ഈ പദ്ധതി. തിരുവനന്തപുരം ഗവൺമെൻ്റ് വിമൻസ് കോളജിൽ നടക്കുന്ന ചടങ്ങിലാണ് പോർട്ടലിൻ്റെ ലോഞ്ച് നിർവഹിക്കുന്നത്.

കേരള ഉന്നതവിദ്യാഭ്യാസ കൗൺസിൽ (KSHEC) രൂപകൽപ്പന ചെയ്ത ഈ പദ്ധതിയിലൂടെ, വിദേശ സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന പണ്ഡിതരുടെ അറിവും പ്രാവീണ്യവും കേരളത്തിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും നേരിട്ട് ലഭ്യമാകും. ഇത്തരത്തിൽ വിദേശത്തുള്ള അക്കാദമിക് വിദഗ്ധരുടെ സേവനം ഉറപ്പാക്കാൻ പ്രത്യേക ഡിജിറ്റൽ സംവിധാനം ഒരുക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. ലോകമെമ്പാടുമായി ചിതറിക്കിടക്കുന്ന കേരളീയരായ പണ്ഡിതരെ (Diaspora) സംസ്ഥാനത്തിൻ്റെ വിദ്യാഭ്യാസ പുരോഗതിയിൽ പങ്കാളികളാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. https://scholarconnect.kshec.org എന്ന വെബ്സൈറ്റിലൂടെ പോർട്ടൽ ആക്സസ് ചെയ്യാമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
വെർച്വൽ മെൻ്റർഷിപ്പിലൂടെ കേരളത്തിലെ അധ്യാപകർക്കും ഗവേഷകർക്കും തങ്ങളുടെ ഗവേഷണ വിഷയങ്ങളിൽ വിദേശത്തുള്ള വിദഗ്ധരുടെ സഹായം തേടാം എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത. സിലബസ് പരിഷ്കരണം, റിസർച്ച് മെത്തഡോളജി, ഗ്രാൻ്റ് റൈറ്റിങ് എന്നിവയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മാർഗനിർദേശങ്ങൾ ഇതിലൂടെ ലഭിക്കും.

വിസിറ്റിങ് പ്രൊഫസർഷിപ്പ്, ഗസ്റ്റ് ലക്ചറുകൾ, സംയുക്ത ഗവേഷണ പദ്ധതികൾ, കരിക്കുലം നവീകരണം എന്നിവയ്ക്കുള്ള ഏകജാലക സംവിധാനമായി ഈ പോർട്ടൽ പ്രവർത്തിക്കും.

അമേരിക്ക, ബ്രിട്ടൻ, ജപ്പാൻ, ജർമനി, കാനഡ, ഓസ്ട്രേലിയ തുടങ്ങി പന്ത്രണ്ടിലധികം രാജ്യങ്ങളിൽ നിന്നുള്ള മലയാളി പണ്ഡിതർ ഇതിനകം തന്നെ പോർട്ടലിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞു.അതേസമയം, കേരളം ആസ്ഥാനമായ അഡ്മിനിസ്ട്രേറ്റീവ് അഡ്വൈസറി ബോർഡ് നയപരമായ ഏകോപനം ഉറപ്പാക്കും.
ഉന്നതവിദ്യാഭ്യാസ കൗൺസിലിൻ്റെ ‘ബ്രെയിൻ ഗെയിൻ’ പദ്ധതിയുടെ വിപുലീകരിച്ച രൂപമാണിത്. ഭാവിയിൽ സ്റ്റുഡൻ്റ് എക്സ്ചേഞ്ച് പ്രോഗ്രാമുകൾ, ക്രെഡിറ്റ് ട്രാൻസ്ഫർ സംവിധാനങ്ങൾ എന്നിവയിലേക്കും ഇത് വ്യാപിപ്പിക്കും. അന്താരാഷ്ട്ര തലത്തിലുള്ള പ്രമുഖ അക്കാദമിക് വിദഗ്ധർ ഉൾപ്പെട്ട അഡ്വൈസറി ബോർഡിൻ്റെ മേൽനോട്ടത്തിലാണ് പോർട്ടലിൻ്റെ പ്രവർത്തനം നടക്കുന്നത്. ഫെബ്രുവരി 9 മുതൽ 11 വരെ തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ ഗവേഷണ സമ്മേളനത്തിൻ്റെ ഭാഗമായാണ് ഈ ലോഞ്ച് നടക്കുന്നത്.
