തിരുവനന്തപുരം: കേരള ഫോക് ലോർ അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവൽ മികച്ച ജനപങ്കാളിത്തത്തോടെ മുന്നേറുന്നു. കാണികൾക്ക് ദേശീയ-അന്തർദേശീയ നാടൻ കലകളുടെ ദൃശ്യവിസ്മയമാണ് ഫോക് ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. ആഫ്രിക്ക, റഷ്യ, സ്പെയിൻ, ബ്രസീൽ, ചൈന, ഈജിപ്ത് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുള്ള വേറിട്ട കലാപ്രകടനങ്ങളും ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിൽ നിന്നുള്ള നാടൻ കലാരൂപങ്ങളും അണിനിരക്കുന്ന പ്രകടനങ്ങളും കാഴ്ചക്കാർക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിക്കുകയാണ്.

കേരളത്തിലെ ആദിവാസി വിഭഗത്തിന്റെ തനത് കലാരൂപങ്ങൾ ആദ്യമായാണ് ഇതുപോലെ ഒരു വേദിയിൽ പ്രദർശിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഈ മേളയ്ക്കുണ്ട്. കേരള ഫോക് ലോർ അക്കാദമി ആദ്യമായി സംഘടിപ്പിക്കുന്ന പരിപാടി എന്ന നിലയിൽ സംഘാടന മികവ് കൊണ്ടും ഏകോപനവും കൊണ്ട് പരമാവധി കുറ്റമറ്റതാക്കാൻ കഴിഞ്ഞതായി അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ഘാനയുടെ അക്വബ പ്രകടനവും ഒഡിഷയുടെ രാണപ്പാ ഡാൻസ്, ജാർഖണ്ഡിന്റെ ഗോണ്ട് മാരിയ ഡാൻസ്, കർണാടകയുടെ സിദ്ധി നൃത്തം, കേരളത്തിന്റെ കാക്കാരിശ്ശി നാടകം, വിൽപ്പാട്ട്, കാലാട്ടം, മുടിയേറ്റം, കമ്പുകളി, ചവിട്ടു നാടകം, മല പുലയ ആട്ടം തുടങ്ങിയവ കാഴ്ചക്കാർക്ക് വേറിട്ട അനുഭവമായി.

ഇന്നത്തെ (ഫെബ്രുവരി 08, ഞായറാഴ്ച) പ്രധാന ആകർഷണം റഷ്യൻ കലാസംഘം അവതരിപ്പിക്കുന്ന റഷ്യൻ ബാലെറ്റ് നൃത്തം, അന്തർദേശീയ കലാസംഘം അവതരിപ്പിക്കുന്ന അൾട്രാ വയലറ്റ് ബട്ടർഫ്ളൈ വിങ്സ് നൃത്തം, മഹാരാഷ്ട്രയുടെ പഹാഡി ഗോണ്ടി ദേംസ നൃത്തം, അസമിന്റെ ബിഹു നൃത്തം, ഛത്തീസ്ഗണ്ടിന്റെ ഗോണ്ട് മരിയ നൃത്തം, കേരളത്തിന്റെ കോൽക്കളി, രാജസൂയം കോൽക്കളി, കരിമ്പൊളി ബാൻഡ്, ഇരുള പാട്ടുകളും നൃത്തവും, സീതാക്കളി, മലവേട്ടുവ മംഗലംകളി എന്നിവയാണ്.

നാളെയാണ് ഫോക് ഫെസ്റ്റിവലിന് തിരശീല വീഴുക. സമാപന ദിവസമായ നാളെ സ്പാനിഷ് ഫ്ളമിൻങ്കോ നൃത്തം, ബ്രസീലിന്റെ സാമ്പ ബ്രസീൽ നൃത്തം എന്നിവയും ഉണ്ടായിരിക്കും.
