സ്കൂള്‍ വിദ്യാര്‍ഥികളിലെ പോഷകാഹാര കുറവ് പരിഹരിക്കാന്‍ സുപ്രധാന ഉദ്യമവുമായി എല്‍2 ഇന്ത്യയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐഎംഎ). ഹെല്‍ത്തി കിഡ്സ്: സ്മാര്‍ട്ട് ന്യൂട്രീഷ്യന്‍ ആന്‍ഡ് വെല്‍ ബീയിംഗ് പ്രോഗ്രാം കേരളത്തിലുടനീളമുള്ള സര്‍ക്കാര്‍ സ്കൂളുകളിലാണ് നടപ്പാക്കുന്നത്. പോഷകാഹാരം, ആരോഗ്യം, മാനസിക ക്ഷേമം, വിദ്യാഭ്യാസം എന്നിവയെ കുട്ടികളുടെ സമഗ്രമായ വികസനം ഉറപ്പാക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഏകീകൃതമായ സംവിധാനവുമായി സംയോജിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

കുട്ടികളിലെ സൂക്ഷ്മ പോഷകങ്ങളുടെ കുറവ് പോലുള്ള പ്രശ്നങ്ങള്‍ പലപ്പോഴും അഭിസംബോധന ചെയ്യപ്പെടാറില്ല. സ്കൂളുകളില്‍ ഉച്ച ഭക്ഷണ പദ്ധതി നിലവിലുണ്ടെങ്കിലും ആയിരക്കണക്കിന് കുട്ടികളെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കുന്നുണ്ട്. പ്രതിരോധശേഷി, വൈജ്ഞാനിക വികസനം, ഏകാഗ്രത, മൊത്തത്തിലുള്ള അക്കാദമിക് പ്രകടനം എന്നിവയെ ഇത് ബാധിക്കും.
വിളര്‍ച്ച, വിറ്റാമിന്‍ കുറവ്, വളര്‍ച്ചയുമായി ബന്ധപ്പെട്ട തകരാറുകള്‍ തുടങ്ങിയ അവസ്ഥകള്‍ പഠനത്തെ സാരമായി ബാധിക്കുന്നതുവരെ പലപ്പോഴും ഈ പ്രശ്നങ്ങള്‍ തിരിച്ചറിയപ്പെടാറില്ല. തുടര്‍ച്ചയായ നിരീക്ഷണം, ഡാറ്റകളിലധിഷ്ഠിതമായ ഇടപെടലുകള്‍ എന്നിവയിലൂടെ ഇത്തരം അവസ്ഥകള്‍ നേരത്തെ കണ്ടെത്താനും വേണ്ട പരിഹാരം നിര്‍ദേശിക്കാനുമാണ് ഹെല്‍ത്ത് കിഡ്സ് പ്രോഗ്രാം ലക്ഷ്യമിടുന്നത്.

മെഡിക്കല്‍ ക്യാമ്പുകള്‍, പോഷകങ്ങളുമായി ബന്ധപ്പെട്ട സ്ക്രീനിംഗ്, ക്ലിനിക്കല്‍ ഫോളോ അപ്പുകള്‍ എന്നിവ വഴി സുശക്തമായൊരു സംവിധാനമാണ് ഉറപ്പാക്കുന്നത്. സാങ്കേതികവിദ്യ, മെഡിക്കല്‍ വൈദഗ്ധ്യം, വിദ്യാഭ്യാസ സംവിധാനം, സാമൂഹിക പങ്കാളിത്തം എന്നിവയെല്ലാം സംയോജിപ്പിച്ചുകൊണ്ട് വിദ്യാര്‍ത്ഥികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് സ്കൂളുകളുടെ സമീപനം പുനര്‍നിര്‍വചിക്കാനാണ് ഹെല്‍ത്തി കിഡ്സ് സംരംഭം ശ്രമിക്കുന്നത്.

ഫലപ്രദമായി നടപ്പിലാക്കിയാല്‍, ഈ പരിപാടി കേരളത്തിലുടനീളമുള്ള ക്ലാസ് മുറികളെ പരിവര്‍ത്തനം ചെയ്യും. ഓരോ കുട്ടിയും ആരോഗ്യമുള്ളവരും, കൂടുതല്‍ ശ്രദ്ധയുള്ളവരും, പഠിക്കാന്‍ താത്പര്യപ്പെടുന്നവരുമാണെന്ന് ഉറപ്പാക്കുകയും ചെയ്യും.
