മലയാളി സിനിമാപ്രേമികൾ കാലങ്ങളായി കാണാൻ കൊതിച്ച ആ സ്വപ്നക്കൂട്ടുകെട്ട് വീണ്ടും യാഥാർത്ഥ്യമാകുന്നു . നീണ്ട 19 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് മമ്മൂട്ടിയും മോഹൻലാലും ബിഗ് സ്ക്രീനിൽ ഒന്നിച്ചെത്തുന്ന ‘പേട്രിയറ്റി’നെക്കുറിച്ചുള്ള ഞെട്ടിക്കുന്നൊരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഫഹദ് ഫാസിൽ. മമ്മൂട്ടിക്കും ലാലേട്ടനും ഒപ്പം ഫഹദും ഉണ്ടെന്നറിഞ്ഞപ്പോൾ തന്നെ ആരാധകർ ആവേശത്തിലായിരുന്നു, എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ചിത്രത്തിൽ താൻ വില്ലൻ വേഷത്തിലാണ് എത്തുന്നതെന്ന വമ്പൻ സർപ്രൈസാണ് ഫഹദ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ധാരാളം സർപ്രൈസുകൾ ഒളിപ്പിച്ചുവെച്ചിട്ടുള്ള ഒരു പക്കാ കൊമേഴ്സ്യൽ ചിത്രമായിരിക്കും പേട്രിയറ്റ് എന്ന് സംവിധായകൻ മഹേഷ് നാരായണൻ നേരത്തെ സൂചിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആരാധകരെ തൃപ്തിപ്പെടുത്തുന്ന നിരവധി ഫാൻ മൊമെന്റുകൾ ചിത്രത്തിലുണ്ടാകുമെന്ന ഉറപ്പും അദ്ദേഹം നൽകിയിട്ടുണ്ട്.
“വിമത ശബ്ദങ്ങൾ ദേശസ്നേഹത്തിന്റേതാണ്.. ദേശദ്രോഹികൾ നിറയുന്ന ഈ ലോകത്ത് ഒരു ദേശസ്നേഹിയാകൂ” എന്ന ടാഗ്ലൈനോടെ പുറത്തിറങ്ങിയ അഭിനേതാക്കളുടെ ക്യാരക്ടർ പോസ്റ്ററുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

ഏപ്രിൽ 23-നാണ് ചിത്രം ആഗോളതലത്തിൽ തീയേറ്ററുകളിലെത്തുന്നത്. മമ്മൂട്ടിയും മോഹൻലാലും നേർക്കുനേർ എത്തുന്ന കോമ്പിനേഷൻ രംഗങ്ങൾ തന്നെയാകും ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഫഹദ് ഫാസിൽ കൂടി വില്ലൻ വേഷത്തിൽ എത്തുന്നതോടെ മലയാള സിനിമ കണ്ട ഏറ്റവും വലിയ മൾട്ടിസ്റ്റാർ വിരുന്നായി ‘പേട്രിയറ്റ്’ മാറുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.

