ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ് നായകനാകുന്ന ‘ജനനായകൻ’ എന്ന സിനിമയുടെ റിലീസ് വൈകിപ്പിച്ച നിയമപോരാട്ടം അവസാനത്തിലേക്ക്. സെൻസർ ബോർഡിന്റെ തീരുമാനത്തിനെതിരെ സമർപ്പിച്ച റിട്ട് ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിർമ്മാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. സിനിമ റിവൈസിംഗ് കമ്മിറ്റിക്ക് വിട്ട ബോർഡിന്റെ നടപടിയെ ചോദ്യം ചെയ്തായിരുന്നു നിർമ്മാതാക്കൾ നേരത്തെ കോടതിയെ സമീപിച്ചിരുന്നത്.

നിർമ്മാതാക്കൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വിജയൻ സുബ്രഹ്മണ്യൻ ഹർജി പിൻവലിക്കാൻ അനുമതി തേടി കോടതിക്ക് കത്ത് നൽകി. ജസ്റ്റിസ് പി.ടി ആശ ചൊവ്വാഴ്ച വിഷയം പരിഗണിക്കും. കോടതി അനുമതി നൽകുന്നതോടെ സിനിമ റിവൈസിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് അയക്കാൻ വഴി തെളിയും. ഇതോടെ സെൻസർഷിപ്പ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ചിത്രം തിയേറ്ററുകളിലെത്തിക്കാൻ കഴിയുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം ജനുവരി 9-ന് പൊങ്കൽ റിലീസായി എത്തേണ്ടതായിരുന്നു. എന്നാൽ സെൻസർ ബോർഡുമായുള്ള നിയമതർക്കം കാരണം റിലീസ് അനിശ്ചിതമായി നീളുകയായിരുന്നു. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ആരാധകർക്ക് ജനനായകനിൽ ഉള്ളത്.

നേരത്തെ, സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നെങ്കിലും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കിയിരുന്നു. വീണ്ടും നിയമപോരാട്ടം തുടരുന്നത് സിനിമയുടെ റിലീസിനെ ബാധിക്കുമെന്നതിനാലാണ് ഹർജി പിൻവലിച്ച് സെൻസർ ബോർഡിന്റെ റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടുനൽകാൻ നിർമ്മാതാക്കൾ തീരുമാനിച്ചത്.

