പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യൂതാനന്ദന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ആയിരുന്ന എ സുരേഷിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ സുരേഷുമായി സംസാരിച്ചതായാണ് വിവരം. യുഡിഎഫ് സ്വതന്ത്രനായി സുരേഷിനെ മത്സരിപ്പിക്കാനാണ് നീക്കം നടത്തുന്നത്.

ദീര്‍ഘകാലമായി സിപിഎമ്മുമായി അകന്നുനില്‍ക്കുകയാണ് എ സുരേഷ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ സുരേഷുമായി ബന്ധപ്പെട്ടത്. എന്നാല്‍ മത്സരിക്കുന്ന കാര്യത്തില്‍ സുരേഷ് തീരുമാനം അറിയിച്ചിട്ടില്ല.
സിപിഎമ്മിന്റെ കുത്തക മണ്ഡലങ്ങളില്‍ ഒന്നാണ് മലമ്പുഴ. വിഎസിന്റെ ഏറെ അടുപ്പക്കാരനായ സുരേഷ് മത്സരിക്കുന്നതോടെ മലമ്പൂഴയില്‍ ശക്തമായി തിരിച്ചുവരാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

ഇ കെ നായനാരും വി എസ് അച്യുതാനന്ദനും മത്സരിച്ച മണ്ഡലമാണ് മലമ്പുഴ. 2001 മുതല്‍ 2016വരെ നാലുതവണ വിഎസ് മലമ്പുഴ മണ്ഡലത്തില്‍ നിന്ന് വിജയം നേടി. കഴിഞ്ഞ തവണ എ പ്രഭാകരനായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 25,000ല്‍പ്പരം വോട്ടുകള്‍ക്കായിരുന്നു ഇടതുമുന്നണിയുടെ വിജയം.

