കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിക്കെതിരെ രൂക്ഷവിമർശനവുമായി പാലാ എംഎൽഎ മാണി സി കാപ്പൻ. യുഡിഎഫിൽ ചേരുന്നതിനായി ജോസ് കെ മാണി കോൺഗ്രസ് നേതാക്കളെ കണ്ടുവെന്ന് ആരോപിച്ച മാണി സി കാപ്പൻ, പക്ഷേ പാലായിൽ ജയിക്കാം എന്ന് സ്വപ്നം പോലും ജോസ് കെ മാണി കാണേണ്ടന്നും പറഞ്ഞു. താൻ പറഞ്ഞത് നിഷേധിക്കാൻ ജോസിന് കഴിയുമോയെന്ന് മാണി സി കാപ്പൻ വെല്ലുവിളിക്കുകയും ചെയ്തു.

കണ്ട നേതാക്കളെ ഞാൻ ഇപ്പോൾ പറയുന്നില്ല. കുരിശ് പള്ളി മാതാവിൻ്റെ മുന്നിൽ വെച്ച് കണ്ടില്ലെന്ന് പറയുവാണേൽ ജോസ് കെ മാണി പറയുന്ന പണി ഞാൻ ചെയ്യും. തന്ത്രവും മന്ത്രവും ഒന്നും പ്രയോഗിച്ചിട്ട് കാര്യമില്ല. പാലയിലെ ജനങ്ങൾ അത് തിരിച്ചറിയും. പാലായിൽ ജയിക്കാം എന്ന് സ്വപ്നം പോലും ജോസ് കെ മാണി കാണേണ്ട എന്നും മാണി സി കാപ്പൻ വ്യക്തമാക്കി.
പാലായിലെ വികസന പ്രവർത്തനങ്ങളിൽ എംഎൽഎ വേണ്ടത്ര ഇടപെടുന്നില്ലെന്ന് ജോസ് കെ മാണി ആരോപിച്ചതിന് പിന്നാലെയാണ് മാണി സി കാപ്പൻ വിമർശനവുമായി രംഗത്തെത്തിയത്. വീണ്ടും മത്സരിച്ചാല്‍ തോല്‍ക്കുമെന്ന ഭയമാണ് ജോസ് കെ മാണിയുടെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മാണി സി കാപ്പന് മറുപടി നല്കി. പാലായിലെ ജനങ്ങള്‍ രാഷ്ട്രീയ പ്രബുദ്ധരാണെന്നും അവർക്ക് കാര്യങ്ങൾ അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

പാലായുടെ വികസനത്തിനായി മാണി സി കാപ്പൻ ഒന്നും ചെയ്തിട്ടില്ലെന്നും ജനങ്ങൾക്ക് ചൂണ്ടിക്കാണിക്കാൻ ഒരു പ്രാദേശിക പദ്ധതി പോലും അവിടെയില്ലെന്നും ജോസ് കെ മാണി നേരത്തെ ആരോപിച്ചിരുന്നു. പാലായിൽ കെ എം മാണി നടത്തിയ വികസന പ്രവർത്തനങ്ങൾ മാത്രമാണ് നിലവിലുള്ളതെന്നും അതിനപ്പുറം മാണി സി കാപ്പൻ എന്ത് ചെയ്തെന്നും ജോസ് കെ മാണി ചോദിച്ചു. പാലായിലെ വികസന പ്രവർത്തനങ്ങളിൽ എംഎൽഎ വേണ്ടത്ര ഇടപെടൽ നടത്തുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

