തൃശൂര്‍: വിമര്‍ശകര്‍ക്ക് മറുപടിയുമായി കവിയും സാഹിത്യ അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദന്. താന്‍ പറഞ്ഞതിലെ ആഴം മനസിലാക്കാത്തവരാണ് തന്നെ വിമര്‍ശിക്കുന്നതെന്നും നടക്കുന്നത് വാക്കുകളുടെ കാളയുദ്ധമാണെന്നും സച്ചിദാനന്ദന് പറഞ്ഞു. മേല്‍പ്പത്തി വര്‍ഗത്തെ തൃപ്തിപ്പെടുത്തുന്നത് മാര്‍ക്സിസത്തിന് ചേരില്ല. ശബ്ദമില്ലാത്തവരെ കേള്‍ക്കുന്നതാണ് ജനാധിപത്യമെന്നും ഇതാണ് മാര്‍ക്സിസസത്തിനു മുന്നോട്ടുള്ള വഴിയെന്നും സച്ചിദാനന്ദന് ഫെയ്സ്ബുക്കില്‍ കുറിച്ചു.

സംസ്ഥാനത്ത് ഭരണമാറ്റം വേണമെന്ന് അഭിപ്രായപ്പെട്ടതിന് പിന്നാലെ സച്ചിദാനന്ദനെതിരെ ഇടത് സൈബര്‍ പോരാളികള്‍ വ്യാപകമായി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് സച്ചിദാനന്ദന്റെ കുറിപ്പ്. ‘സമകാലിക മാര്‍ക്സിസ്റ്റ് ചിന്തകനായ ഷാക് റാന്‍സിയറെ കുറിച്ച് നിങ്ങളില്‍ എത്രപേര്‍ വായിച്ചിട്ടുണ്ടെന്നോ കേട്ടിട്ടുണ്ടെന്നോ എനിക്കറിയില്ല.
ഫാസിസത്തിനും സര്‍വാധിപത്യത്തിനും എതിരായ ഒരു മരുന്നായി അദ്ദേഹം മുന്നോട്ട് വെക്കുന്ന ‘സബ് ആള്‍ട്ടേണ്‍ ഡെമോക്രസി’ (അടിത്തട്ടിലുള്ളവരുടെ ജനാധിപത്യം) എന്ന കാഴ്ചപ്പാട് എന്നെ എപ്പോഴും ആകര്‍ഷിക്കുന്നതും നയിക്കുന്നതുമാണ്. ആ ചിന്തകളാണ് താന്‍ പങ്കുവച്ചതെന്ന് സച്ചിദാനന്ദന് പറയുന്നു.

അദൃശ്യമായതിനെ ദൃശ്യമാക്കുക എന്നും കേള്‍ക്കാത്ത ശബ്ദങ്ങളെ കേള്‍പ്പിക്കുക എന്നുമാണ് റാന്‍സിയര്‍ ജനാധിപത്യത്തെ നിര്‍വചിക്കുന്നത്. ഇന്നത്തെ കാലത്ത് മാര്‍ക്സിസത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഏക വഴി ഇതാണ്. പാവപ്പെട്ടവര്‍, തൊഴിലാളികള്‍, കര്‍ഷകര്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവരെ ശാക്തീകരിക്കുന്നതിന് പകരം അവരെ അകറ്റുകയാണ് ചെയ്യുന്നതെന്നും മധ്യവര്‍ഗത്തെ സന്തോഷിപ്പിക്കല്‍ അല്ല ജനാധിപത്യമെന്നും സച്ചിദാനന്ദന് കുറിപ്പില്‍ പറയുന്നു.

