മലയാളത്തിന്റെ പ്രിയ പാട്ടെഴുത്തുകാരൻ ഗിരീഷ് പുത്തഞ്ചേരി മറഞ്ഞിട്ട് ഇന്നേയ്ക്ക് 16 വര്‍ഷം. പ്രണയവും വിരഹവും കാത്തിരിപ്പുമൊക്കെയായുള്ള അതിമനോഹരമായ വരികളെഴുതി മലയാളികളുടെ ഹൃദയത്തില്‍ ഇന്നും ജീവിക്കുന്ന കവിയാണ് അദ്ദേഹം. ആ കവിയുടെ പാട്ടുകള്‍ മൂളാതെ ഒരു മലയാളിക്ക് ഒരു ദിവസം പൂര്‍ത്തിയാക്കാനാകുമോ! അത്രയേറെ നമ്മുടെ നെഞ്ചോടു ചേര്‍ന്നുകിടക്കുന്ന പാട്ടെഴുത്തുകാരനാണദ്ദേഹം.

ഗിരീഷ് പുത്തഞ്ചേരിയെ ഓര്‍ക്കുമ്പോള്‍ ഒട്ടേറെ ഗാനങ്ങളായിരിക്കും ഓരോരുത്തരുടെയും ഉള്ളില്‍ ഓടിയെത്തുക. പ്രണയമോ, വിരഹമോ, കാത്തിരിപ്പോ, കരച്ചിലോ എന്തുമാകട്ടെ ഏതു ജീവിതസന്ദർഭത്തിനും അനുയോജ്യമായ പാട്ടുകളെഴുതിയാണ് ഓരോ സംഗീത പ്രേമിയുടെയും ഉള്ളില്‍ ഗിരീഷ് പുത്തഞ്ചേരി ഇടം പിടിച്ചത്.
ചിലര്‍ക്ക് സമ്മർ ഇൻ ബത്ലഹേമിലെ എത്രയോ ജന്മമായി എന്നായിരിക്കും, മറ്റു ചിലര്‍ക്ക് ഹരിമുരളീരവം എന്നായിരിക്കും, വിരഹ ഭാരം പേറുന്നവര്ക്കാണെങ്കില് രണ്ടാംഭാവത്തിലെ മറന്നിട്ടുമെന്തിനോ എന്ന ഗാനമായിരിക്കും, നഷ്ടങ്ങളെ കുറിച്ചാണെങ്കില്‍ ആകാശ ദീപങ്ങള്‍ സാക്ഷിയും ഇന്നലെ എന്റെ നെഞ്ചിലെ മണ്‍വിളക്കും, അമ്മ മഴക്കാറുമൊക്കെ മനസിലൂടെ കടന്നു പോകും.

ഭക്തിഗാനത്തോടെ ദിവസം തുടങ്ങുന്നവരാണെങ്കില്‍ കാര്‍മുകില്‍ വര്‍ണന്റെ ചുണ്ടില്‍ അങ്ങനെ എത്രയെത്ര ഗാനങ്ങളാണ് ആ സുവര്‍ണ കലാകാരന്റെ തൂലികയിലൂടെ പിറന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ ഗിരീഷ് പുത്തഞ്ചേരി എന്നു പറയുമ്പോള്‍ പലര്‍ക്കും പലതാണ് പലരാഗങ്ങളും നെഞ്ചോട് ചേര്‍ത്തു വയ്ക്കുന്ന ഒത്തിരി ഗാനങ്ങളും.

