എറണാകുളം: തൂലിക ഊന്നുവടിയാക്കി ജീവിതത്തിൽ വലിയ നേട്ടങ്ങൾ എത്തിപ്പിടിക്കുകയാണ് അങ്കമാലി സ്വദേശി മായ. വീടിൻ്റെ നാലു ചുവരുകൾക്കുള്ളിൽ ശയ്യാവലംബിയായി കഴിയുമ്പോഴും മായയുടെ സർഗശേഷി തളർന്നിട്ടില്ല.

35 വർഷമായി ശയ്യാവലംബിയായി കഴിയുന്ന അങ്കമാലി നായത്തോട് സ്വദേശി മായ ബാലകൃഷ്ണൻ്റെ ‘മണ്ണാങ്കട്ടയും കരിയിലയും’ എന്ന കവിതാ സമാഹാരത്തിന് സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച ‘സവിശേഷം’ ഭിന്നശേഷി കലോത്സവത്തിലെ കവിതാ മത്സരത്തിൽ പ്രഥമ പുരസ്കാരം ലഭിച്ചിരുന്നു.
എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പങ്കെടുക്കാൻ മായയ്ക്ക് കഴിഞ്ഞില്ല. തനിക്ക് നേരിട്ട് പുരസ്കാരം ഏറ്റുവാങ്ങാൻ ആഗ്രഹമുണ്ടെന്നും, അങ്കമാലിയിലോ സമീപത്തോ നടക്കുന്ന ഏതെങ്കിലും പരിപാടിയിൽ വച്ച് പുരസ്കാരം നൽകാൻ കഴിയുമോ എന്ന അഭ്യർത്ഥനയും മായ നടത്തി.

എന്നാൽ അക്ഷരങ്ങളിലൂടെ അതിജീവനത്തെ അടയാളപ്പെടുത്തിയ മായയെ തേടി സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ. ബിന്ദു വീട്ടിലെത്തി. പതിനായിരം രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്ന സാമൂഹ്യനീതി വകുപ്പിൻ്റെ സാഹിത്യ പുരസ്കാരം നൽകുകയും ചെയ്തു.

സാമൂഹ്യനീതി വകുപ്പിൻ്റെ പ്രഥമ സാഹിത്യ പുരസ്കാരം നേരിട്ടെത്തി സ്വീകരിക്കാൻ കഴിയാത്തതിലുള്ള സങ്കടം മായ സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെയാണ് മന്ത്രി വീട്ടിലെത്തി പുരസ്ക്കാരം നൽകാമെന്ന് തീരുമാനിച്ചത്. വീടിൻ്റെ നാലു ചുവരുകൾക്കുള്ളിൽ ശയ്യാവലംബിയായി കഴിയുമ്പോഴും അതീവ സംവേദനക്ഷമതയോടെയും കരുത്തോടെയും കവിതകൾ രചിക്കുന്ന മായ ബാലകൃഷ്ണൻ്റെ സർഗശേഷി അഭിനന്ദനാർഹമാണെന്ന് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.
