കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന ദേവസ്വം മുൻ കമ്മീഷ്ണറും പ്രസിഡന്റുമായ എൻ.വാസുവിന് ജാമ്യം. വാസു സമർപ്പിച്ച സ്വാഭാവിക ജാമ്യ ഹർജിയിൽ കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം നൽകിയത്. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് ജാമ്യം തേടി വാസു കോടതിയെ സമീപിച്ചത്. ശബരിമല കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയാണ് എൻ.വാസു.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളിൽ എൻ.വാസു അടക്കം ഇതുവരെ അഞ്ചു പേരാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, എസ് ശ്രീകുമാർ, സുധീഷ് കുമാർ ഉൾപ്പടെ നാല് പ്രതികൾക്കാണ് കോടതി നേരത്തെ സ്വാഭാവിക ജാമ്യം അനുവദിച്ചത്. അതേസമയം, തന്ത്രി കണ്ഠര് രാജീവരുടെ രണ്ട് കേസുകളിലെയും ജാമ്യ ഹർജികളിൽ ഇന്നലെ വാദം പൂർത്തിയായി. ഈ മാസം 18 ന് ജാമ്യഹർജിയിൽ കോടതി വിധി പറയും.
കട്ടിളപ്പാളി കേസിൽ എൻ.വാസു 2025 നവംബർ 11 ന് ആണ് അറസ്റ്റിലാകുന്നത്. കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയായ എൻ.വാസുവിന് സ്വർണക്കൊള്ളയിൽ നേരിട്ട് പങ്ക് ഉണ്ട് എന്നതാണ് എസ്ഐടി വാദം.

ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്ന 2019-ല്‍ എന്‍. വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരുന്നു. കട്ടിളപ്പാളിയിലെ സ്വർണപ്പാളികൾ ചെമ്പാണെന്ന് എഴുതാൻ കമ്മിഷണറായിരുന്ന വാസു നിർദേശം നൽകിയെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് വാസുവിനെ കേസിൽ പ്രതിയാക്കിയത്. അതേസമയം, കേസിലെ പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർധൻ, കെ.എസ്.ബൈജു എന്നിവരുടെ റിമാൻഡ് 14 ദിവസത്തേയ്ക്ക് കൂടി നീട്ടി.

