കണ്ണൂർ : തളിപ്പറമ്പ ബാറിലെ ഒരു അഭിഭാഷകയായിരുന്നു ഒന്നര വർഷം മുമ്പ് താനിയ നാഥനെന്ന 24 കാരിയെ തളിപ്പറമ്പ കോടതിക്ക് സമീപമുള്ള അഡ്വ കെ ജി സുനിൽ കുമാറിൻ്റെ ഓഫീസിലേക്ക് ജൂനിയർ അഡ്വക്കറ്റ് ആയി നിർദേശിക്കുന്നത്. ഇരു കണ്ണുകൾക്കും കാഴ്ചയില്ലാത്ത ഒരു വിദ്യാർഥിയെ എങ്ങനെ ഓഫിസിൽ ചേർക്കും എന്നതിൽ ചെറിയ ഭയം ഉണ്ടായിരുന്നു സുനിൽ കുമാറിന്.

പക്ഷേ ആ ഭയം വെറും ഒരാഴ്ച മാത്രമേ നീണ്ടു നിന്നുള്ളൂ. അഡ്വക്കേറ്റ് ജോലിയോട് അത്രയും താല്പര്യം ഉള്ള ഒരു വിദ്യാർഥിയെ ഇന്നേവരെ കണ്ടിട്ടില്ല. തൻ്റെ ശാരീരിക വെല്ലുവിളികളെ അതിജീവിച്ചു അവൾ മുന്നേറുന്നത് ആരെയും അമ്പരപ്പിച്ചു കൊണ്ടാണെന്നും ഒന്നര വർഷമായി ഈ ഓഫീസിലൂടെ കടന്നുപോകുന്ന എല്ലാ ഫയലുകൾക്കും പിന്നിലും താനിയയുടെ കയ്യൊപ്പ് ഉണ്ടെന്നും അഡ്വ. സുനിൽകുമാർ പറയുന്നു.
എതിർ കക്ഷികൾക്ക് അയക്കേണ്ട നോട്ടീസ് ആയിക്കോട്ടെ ചെക്ക് കേസ് ആയിക്കോട്ടെ എല്ലാത്തിലും താനിയയുടെ നിയമ ബിരുദത്തിൻ്റെ വിജയ മന്ത്രം ഉണ്ട്. ഇന്ന് താനിയ ചരിത്രത്തിലെ അപൂർവ്വ നേട്ടത്തിന് അർഹയാകുന്നതിൽ അത്രയേറെ സന്തോഷം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാഴ്ച പരിമിതിയുള്ളവർക്ക് അവസരം നൽകണമെന്ന് കഴിഞ്ഞ വർഷം സുപ്രീം കോടതിയുടെ വിധി വന്നതിന് പിന്നാലെയാണ് താനിയ ചരിത്രത്തിലെ അപൂർവ്വ നേട്ടത്തിന് അർഹയാകുന്നത്. കേരള ജുഡീഷ്യൽ സർവീസസിൽ സിവിൽ ജഡ്ജിമാരുടെ (ജൂനിയർ ഡിവിഷൻ) തെരഞ്ഞെടുപ്പിനായി അടുത്തിടെ നടന്ന പരീക്ഷയിൽ അംഗപരിമിതരുടെ മെറിറ്റ് പട്ടികയിൽ ഒന്നാം റാങ്ക് നേടിയാണ് താനിയ ന്യായാധിപ വേഷമണിയാൻ പോകുന്നത്.

നിയമന ഉത്തരവ് കാത്തിരിക്കുകയാണെന്നും അഭിഭാഷകയായി എൻറോൾ ചെയ്ത ശേഷമാണ് ന്യായാധിപയാകാൻ ആഗ്രഹം തോന്നിയത്. പരീക്ഷകളും പിന്നിട്ട വഴികളും ഒന്നും എളുപ്പം ആയിരുന്നില്ല. ഈ നേട്ടത്തിന് പിന്നിൽ വലിയ പ്രയത്മുണ്ടെന്ന് സന്തോഷത്തോടെ താനിയ നാഥൻ പറയുന്നു.
കാഴ്ചയില്ലാത്തവർക്ക് പരീക്ഷയെഴുതാൻ കഴിഞ്ഞ വർഷം വരെ അനുമതിയുണ്ടായിരുന്നില്ല. അതുകൊണ്ട് ആഗ്രഹിച്ചിട്ട് കാര്യം ഇല്ലായിരുന്നു. 2025ലാണ് സുപ്രീംകോടതി വിധി വരുന്നത്. ആ വിധിയാണ് നിർണായകമായതെന്നും താനിയ കൂട്ടിച്ചേർത്തു. 2025 ലായിരുന്നു പരീക്ഷ. വീട്ടുകാരുടെ പൂർണ പിന്തുണയുണ്ടായിരുന്നു. ഇനി ആലുവയിലെ ജുഡീഷ്യൽ അക്കാദമിയിൽ ഒരു വർഷം ട്രെയിനിങ്ങാണ്. അതിനുശേഷമാണ് ജുഡീഷ്യൽ പദവിയിലേക്ക് എത്തുകയെന്നും അവർ വ്യക്തമാക്കി.
മാങ്ങാട് ശ്രീ അദിത്രിയിൽ പ്രവാസി ജഗന്നാഥയുടെയും ബബിതയുടെയും മകളാണ് താനിയ. സഹോദരി താരയും പിന്തുണയുമായി കൂടെയുണ്ട്.
