കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ചുമർച്ചിത്രങ്ങളുടെ സംരക്ഷണ ജോലികൾ പൂർത്തിയാക്കി ക്ഷേത്രത്തിന് സമർപ്പിച്ച് മന്ത്രി വി.എൻ.വാസവൻ. കാലപ്പഴക്കവും സംരക്ഷണ കുറവും മൂലം നാശത്തിൻ്റെ വക്കിലായിരുന്ന ചുമർച്ചിത്രങ്ങളുടെ സംരക്ഷണ ജോലികൾ മന്ത്രിയുടെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.

16–ാം നൂറ്റാണ്ടിൽ നിർമിച്ചതെന്ന് കരുതപ്പെടുന്ന ചുമർച്ചിത്രങ്ങളുടെ സംരക്ഷണ പദ്ധതിക്ക് മന്ത്രിയുടെ നിർദേശപ്രകാരം ഒരു വർഷം മുൻപാണ് തുടക്കം കുറിച്ചത്. തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റും വാസ്തുവിദ്യാ ഗുരുകുലം എക്സിക്യുട്ടീവ് ഡയറക്ടറും തമ്മിൽ ഒപ്പ് വെച്ച കരാർ പ്രകാരമാണ് ചിത്രങ്ങളുടെ സംരക്ഷണ ജോലികൾ പൂർത്തിയായത്.
വാസ്തുവിദ്യാ ഗുരുകുലം മ്യൂറൽ ആർട്ടിസ്റ്റ് കടമ്മനിട്ട ശ്രീക്കുട്ടൻ്റെ നേതൃത്വത്തിൽ അസിസ്റ്റൻ്റ് മ്യൂറൽ ആർട്ടിസ്റ്റുകളായ മണ്ണടി അഭിലാഷ് കുമാർ, ആറൻമുള ജയകൃഷ്ണൻ എന്നിവരാണ് സംരക്ഷണ ജോലികൾ പൂർത്തിയാക്കിയത്. ഇന്ത്യൻ നാഷണൽ റിസർച്ച് ലബോറട്ടറി ഫോർ കൺസർവേഷൻ ഓഫ് കൾചറൽ പ്രോപ്പർട്ടി (എൻആർഎൽസി) മുൻ ഡയറക്ടർ ഡോ. വേലായുധൻ നായരുടെ മേൽനോട്ടത്തിലായിരുന്നു സംരക്ഷണ ജോലികൾ നടന്നത്.

ക്ഷേത്ര ഗോപുര ഭിത്തിയിൽ അകം വാതിലിൻ്റെ തെക്ക്, വടക്കു ഭാഗങ്ങളിലും ഗോപുരത്തിനു പുറത്തുമാണ് ചുമർച്ചിത്രങ്ങളുള്ളത്. അനന്തശയനം, പ്രദോഷ നൃത്തം, കാളിയമർദനം എന്നിവയെല്ലാം ശ്രദ്ധേയമായ ചിത്രങ്ങളാണ്. ഗോപുരവാതിലിൻ്റെ അകത്തെ ചുമരിൻ്റെ വശത്തുള്ള അനന്ത ശയനത്തിൻ്റെ ചിത്രമാണ് ആദ്യഘട്ടത്തിൽ സംരക്ഷിച്ചത്.

142 ചതുരശ്ര അടി വിസ്തീർണമുള്ള ചിത്രമാണിത്. പ്രദോഷ നൃത്തം, വേട്ട ശാസ്താവ്, അഘോരമൂർത്തി, വസ്ത്രാപരണം, വേണുഗോപാലം, രണ്ട് ദ്വാരപാലകർ, വീരാളിപ്പട്ട് തുടങ്ങിയവയുമാണ് സംരക്ഷിച്ചത്. 425 ചതുരശ്ര അടിയിലാണ് ചുമർച്ചിത്രങ്ങൾ. ആറ് ഘട്ടമായാണ് ഇവയുടെ സംരക്ഷണം പൂർത്തിയാക്കിയത്.
ഏറ്റുമാനൂർ ശ്രീമഹാദേവ ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് പി.കെ. രാജൻ അധ്യക്ഷത വഹിച്ച യോഗത്തില്‍ കോട്ടയം കലക്ടർ. ചേതൻ കുമാർ മീണ, കോട്ടയം എസ്.പി ഷാഹുൽ ഹമീദ് ഐ.പി.എസ് വാസ്തുവിദ്യാ ഗുരുകുലം ചെയര്മാന് ഡോ. ജി. ശങ്കര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രിയദര്ശന് പി.എസ്, എന്‍.ആര്.എല്‍.സി മുന്‍ ഡയറക്ടർ ഡോ. എം. വേലായുധന് നായര്‍, ഡോ. എം.ജി. ശശിഭൂഷന്‍, നഗരസഭാ കൗണ്‍സിലര്‍ താരാസുരേഷ് എ.ബി ശിവൻ (കോഴ്സ് കോർഡിനേറ്റർ, വാസ്തു വിദ്യാ ഗുരുകുലം, ദർശന പഴവൂർ (ഡെപ്യൂട്ടി സുപ്രൻഡിങ് ആർക്കിയോളജി കെമിസ്റ്റ്) തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.
