കൊച്ചി: ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കർശന ഉപാധികളോടെയാണ് ജാമ്യം. തുടർച്ചയായി മൂന്നു ദിവസം രാവിലെ മുതൽ വൈകിട്ട് വരെ രാഹുലിനെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാം. രാഹുലിന്റെ മൊബൈൽ ഫോണും പാസ്പോർട്ടും അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറണമെന്നും രാഹുലിനെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയനാക്കണമെന്നും കോടതി നിർദേശിച്ചു.

തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. നടപടിക്രമങ്ങൾ പാലിച്ചല്ല പരാതി നൽകിയത് എന്നും, അന്വേഷണത്തിൽ രാഷ്ട്രീയ സ്വാധീനവും ഗൂഢാലോചനയും ഉണ്ടെന്നും രാഹുൽ വാദമുന്നയിച്ചിരുന്നു. വാദം സാധൂകരിക്കാനായില്ലെങ്കിൽ കീഴടങ്ങാൻ ഹൈക്കോടതിയ്ക്ക് നിർദേശിക്കാമെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നു.
കേസുമായി പ്രഥമവിവര മൊഴിയിലെ ആരോപണങ്ങൾ ഗൗരവകരമാണെന്ന് കോടതി വാക്കാൽ പരാമർശിച്ചിരുന്നു. ബലം പ്രയോഗിച്ചതും ഗർഭഛിദ്രത്തിന് നിർബന്ധിച്ചതുമടക്കം പ്രഥമ വിവര മൊഴിയിലുള്ള കാര്യങ്ങൾ ഗൗരവകരമാണ്.

മാർച്ച് 17-ന് പാലക്കാട് വെച്ച് രാഹുൽ തന്നെ ബലം പ്രയോഗിച്ച് പീഡിപ്പിച്ചുവെന്ന അതിജീവിതയുടെ മൊഴി കോടതി പരിശോധിച്ചു. കുട്ടി വേണമെന്ന് രാഹുൽ ആവശ്യപ്പെട്ടതായും, എന്നാൽ പിന്നീട് അതിജീവിതയ്ക്ക് താൽപര്യമില്ലാതിരുന്നിട്ടും വീഡിയോ കോളിലൂടെ വിളിച്ച് ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്ന ആരോപണവും കോടതി ഗൗരവത്തോടെ എടുത്തു. ആരോപണങ്ങളെ ശരിവെക്കുന്ന വാട്സ്ആപ്പ് ചാറ്റുകൾ ലഭ്യമാണെന്ന കാര്യവും കോടതി സൂചിപ്പിച്ചു.

