എറണാകുളം: പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവരുടെ വേദനിപ്പിക്കുന്ന അനുഭവം ഇതിവൃത്തമാക്കി ഒരു കഥകളി ആവിഷ്കാരം. പരമ്പരാഗത കഥകളി ചിട്ടകൾ ഇല്ലാതെ ലളിതമായി കഥ പറയുന്നു. ‘ഒന്ന് ചിരിക്കൂ ഒരിക്കൽ കൂടി’ എന്ന പരിപാടിയിലായിരുന്നു വ്യത്യസ്ത കഥകളി ആവിഷ്കാരം അരങ്ങേറിയത്.


സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്റർ, വയലാർ, പി ഭാസ്ക്കരൻ എന്നിവരുടെ നിത്യഹരിത മലയാള ചലച്ചിത്ര ഗാനങ്ങളായിരുന്നു അവതരണത്തിൻ്റെ പശ്ചാത്തലം. കഴിഞ്ഞ ഏപ്രിലിൽ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണവും അതിൽ ഒരു സ്ത്രീക്ക് നേരിടേണ്ടി വന്ന ദുരിതങ്ങളും മറ്റുമാണ് പ്രധാന പ്രമേയമായി അവതരിപ്പിച്ചത്. ഇംഗ്ലണ്ടിൽ കലാപ്രവർത്തനം നടത്തുന്ന പ്രശസ്ത കഥകളി കലാകാരൻ കലാമണ്ഡലം വിജയകുമാറും ചുട്ടി കലാകാരിയായ ഭാര്യ ബാർബറ വിജയകുമാറും ചേർന്നാണ് ഈ അവതരണം ഒരുക്കിയത്.
പഹൽഗാം ദുരന്തത്തിൽ ജീവൻ നഷ്ടമായ രാമചന്ദ്രൻ്റെ കുടുംബവും കൊച്ചി ചങ്ങമ്പുഴ പാർക്കിൽ നടന്ന പരിപാടി കാണാൻ എത്തിയിരുന്നു. പഹൽഗാമിൽ സ്വന്തം പ്രിയതമയുടെ മുന്നിൽ വച്ച് നിഷ്കരുണം കൊല്ലപ്പെട്ട യുവാവിൻ്റെ ചിത്രം മനസിൽ ഇന്നും മായാതെ കിടക്കുകയാണ്. അന്ന് മുതലെ ഇത്തരം സംഭവങ്ങൾക്കെതിരെ പ്രതികരിക്കണമെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് കലയിലൂടെ തന്നെയാകാമെന്ന് തീരുമാനിച്ചതെന്ന് വിജയകുമാർ പറഞ്ഞു.




ലെഫ്റ്റനൻ്റ് വിനയ് നിർവാളിൻ്റെ ഭാര്യ ഹിമാൻഷി നർവാളിൻ്റെ ജീവിത കഥയിലൂടെയാണ് കഥകളി മുന്നോട്ട് പോകുന്നത്. വിവാഹവും മധുവിധു നാളുകളും പിന്നീട് നടന്ന ദുരന്തവും മറ്റും ലളിതമായി അരങ്ങേറി. സ്ത്രീ വേഷത്തിലാണ് കഥ പറയുന്നത്. അതും സംഗീതവും ചലനങ്ങളും മുഖഭാവങ്ങളും മാത്രം ഉപയോഗിച്ച്. കണ്ട് നിന്നവരുടെ കണ്ണുകളെ ഈറനണിയിച്ച ഒരു ആവിഷ്കാരം കൂടിയായിരുന്നു കലാമണ്ഡലം വിജയകുമാർ അരങ്ങിൽ അവതരിപ്പിച്ചത്.

പാട്ട് തുടങ്ങിയത് മുതലെ അച്ഛനുമൊത്ത് ചെലവഴിച്ച നിമിഷങ്ങളും ആക്രമണം നടക്കുന്നതിന് തൊട്ടുമുമ്പ് എടുത്ത ചിത്രവുമാണ് മനസിലേക്ക് ഓടി വന്നതെന്ന് രാമചന്ദ്രൻ്റെ മകൾ വികാരഭരിതയായി പറഞ്ഞു. അശ്വമേധം’ (1967) എന്ന സിനിമയിലെ ‘ഏഴു സുന്ദര രാത്രികൾ’, ‘കൊട്ടാരം വിൽക്കുന്നു’ (1975) എന്ന ചിത്രത്തിലെ ‘ചന്ദ്ര കളഭം ചാർത്തി’, കളിത്തോഴനിലെ ‘മഞ്ഞലയിൽ മുങ്ങി തോർത്തി’, നദി (1969) എന്ന ചിത്രത്തിലെ ‘ആയിരം പാദസരങ്ങൾ’ എന്നിവയാണ് തെരഞ്ഞെടുത്ത ഗാനങ്ങൾ.
