ന്യൂഡൽഹി: രാജ്യം നടുക്കത്തോടെയാണ് ആ ഭീകരാക്രമണ വാർത്ത സ്വീകരിച്ചത്. നാടിനെ കാക്കുന്ന 40 കാവൽ ഭടന്മാരുടെ ജീവനറ്റ ശരീരങ്ങൾ പോലും തിരിച്ചറിയാനാവാതെയായിരുന്ന ആക്രമണത്തിനായിരുന്നു ഇന്ത്യ അന്നേ ദിവസം സാക്ഷ്യം വഹിച്ചത്. ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും ഭയാനകമായ ഭീകരാക്രമണങ്ങളിൽ ഒന്നായ പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് ഏഴു വയസ് പൂർത്തിയാകുകയാണ്.


ജമ്മു ശ്രീനഗർ ദേശീയ പാതയിൽ പുൽവാമയിലെ അവന്തിപ്പുരയ്ക്കു സമീപം ലെത്ബോറ എന്ന സ്ഥലത്ത് 2019 ഫെബ്രുവരി 14 പകൽ മൂന്നേകാലിനായിരുന്നു ഭീകരാക്രമണം നടന്നത്. അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാനിരുന്ന സിആർപിഎഫ് സൈനികരുടെ വാഹന വ്യൂഹത്തിന് നേരെ 200 കിലോയോളം മാരക സ്ഫോടക വസ്തുക്കൾ നിറച്ച കാറുമായി പാഞ്ഞടുക്കുകയായിരുന്നു.
76 -ാം സിആർപിഎഫ് ബറ്റാലിയനിലെ നാല്പത് സൈനികർ സഞ്ചരിച്ച ബസിനു നേരെയായിരുന്നു ആക്രമണം. മലയാളിയായ വി വി വസന്തകുമാർ ഉൾപ്പെടെ 16 വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സൈനികരാണ് ഭീകരാക്രമണത്തിൽ രക്തസാക്ഷികളായത്. ഉഗ്ര സ്ഫോടനത്തിൽ ചാവേർ ഓടിച്ചിരുന്ന കാറും സൈനികർ സഞ്ചരിച്ചിരുന്ന കാറും തിരിച്ചറിയാനാവാത്ത വിധം തകർന്നിരുന്നു.




പുൽവാമ സ്വദേശിയും ജെയ്ഷേ മുഹമ്മദ് ഭീകരവാദിയുമായ 22 കാരൻ ആദിൽ അഹമ്മദ് ഥാർ എന്നയാളായിരുന്നു ചാവേർ എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഭീകരാക്രമണത്തിൻ്റെ പന്ത്രണ്ടാം ദിനമായ ഫെബ്രുവരി 26 നാണ് ഇന്ത്യ തിരിച്ചടിച്ചത്. പാകിസ്ഥാനിലെ ഖൈബർ, പഖ്തുൺ പ്രവിശ്യകളൾക്കു നേരെയായിരുന്നു ഇന്ത്യൻ വ്യോമ സേനയുടെ നേതൃത്വത്തിലുള്ള ആക്രമണം. ജെയ്ഷേ മുഹമ്മദ് ഭീകര സംഘടനയുടെ 300 ഓളം വരുന്ന ഭീകരരെ ആക്രമണത്തിൽ ഇന്ത്യൻ സേന വധിച്ചു എന്ന് വിവിധ വൃത്തങ്ങൾ പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനായ മുഹമ്മദ് ഇസ്മൈൽ ആൽവി ഉൾപ്പെടെയുള്ള നിരവധി ഭീകരരെ വധിച്ചതായും വിവിധ റിപ്പോർട്ടുകൾ.
