ബെര്‍ലിന്‍: സിനിമയില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന ബെര്‍ലിന്‍ ചലച്ചിത്രോത്സവ ജൂറി അധ്യക്ഷന്‍ വിം വെന്ഡെഴ്സിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ എഴുത്തുകാരി അരുന്ധതി റോയ് ചലച്ചിത്രോത്സവത്തില്‍ നിന്ന് പിന്മാറി. ഗാസയെക്കുറിച്ച് ചോദിച്ചപ്പോഴാണ് വിമ്മിന്റെ ഈ പ്രസ്താവന ഉണ്ടായത്.


കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പലസ്തീന് ഭൂവിഭാഗത്തെ കുറിച്ചുള്ള ചോദ്യത്തിന് വെന്ഡേഴ്സനും മറ്റ് ജൂറി അംഗങ്ങളും നല്കിയ മറുപടി തന്നെ ഞെട്ടിച്ചെന്നും അവര്‍ എഎഫ്പിയ്ക്ക് നല്കിയ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. 1997ല്‍ ദ ഗോഡ് ഓഫ് സ്മോള്‍ തിംഗ്സ് എന്ന പുസ്തകത്തിലൂടെ ബുക്കര്‍ സമ്മാനം നേടിയ എഴുത്തുകാരിയാണ് അരുന്ധതി. ഇവര്‍ അഭിനയിക്കുകയും തിരക്കഥയെഴുതുകയും ചെയ്ത ഇന്‍ വിച്ച് ആനി ഗിവ്സ് ഇറ്റ് ദോസ് വണ്‍സ് എന്ന ചിത്രത്തിന്റെ പുതിയ പതിപ്പ് അവതരിപ്പിക്കാനായി ചലച്ചിത്രോത്സവ അതിഥിയായി ക്ഷണിച്ച് വരുത്തിയതായിരുന്നു അരുന്ധതിയെ.
വെന്ഡേഴ്സിന്റെയും മറ്റ് ജൂറി അംഗങ്ങളുടെയും ബോധമില്ലാത്ത പ്രസ്താവനകളാണ് അത്യധികം ഖേദത്തോെടെ തന്റെ തീരുമാനം പുനപ്പരിശോധിക്കാന്‍ ഇടയാക്കിയതെന്നും അരുന്ധതി വ്യക്തമാക്കി. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന ജര്‍മ്മനിയുടെ നയത്തെക്കുറിച്ച് ആരാഞ്ഞപ്പോഴാണ് തങ്ങള്‍ക്ക് ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് കടക്കാനാകില്ലെന്ന് അദ്ദേഹം പഞ്ഞത്. ചലച്ചിത്രകാരന്മാര് രാഷ്ട്രീയത്തില്‍ നിന്ന് അകന്ന് നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




കലയില്‍ രാഷ്ട്രീയം പാടില്ലെന്ന അവരുടെ ഈ പ്രസ്താവന തന്നില്‍ അമര്‍ഷമുണ്ടാക്കിയെന്ന് അരുന്ധതി വ്യക്തമാക്കി. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ വലിയ ചലച്ചിത്രകാരൻമാരും കലാകാരന്മാരും ഇതിനെതിരെ പ്രതികരിക്കുന്നില്ലെങ്കില്‍ ചരിത്രം അവരെ ഒറ്റുകാരായി വിധിയെഴുതുമെന്നും അരുന്ധതി പറഞ്ഞു.

ഇന്ത്യയിലെ സമകാലിക എഴുത്തുകാരില്‍ ഏറെ പ്രശസ്തയായ അരുന്ധതി റോയ് നരേന്ദ്രമോദി സര്‍ക്കാരിന്റെ ശക്തയായ വിമര്‍ശകയും പലസ്തീനിന്റെ കടുത്ത വക്താവുമാണ്.
