തൊടുപുഴ: ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമുകളിലൊന്നായ ഇടുക്കി അണക്കെട്ടില്‍ അത്യാധുനിക ലേസര്‍ ഷോയ്ക്ക് തുടക്കമാകുന്നു. ഇടുക്കിയുടെ നിര്‍മ്മാണ ചരിത്രവും ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ പ്രാധാന്യവും വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ ദൃശ്യവിരുന്നായി എത്തിക്കുന്നതാണ് ഈ പദ്ധതി. വൈകുന്നേരങ്ങളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഇടുക്കിയുടെ ചരിത്രം വര്‍ണ്ണാഭമായ വെളിച്ചത്തിലൂടെയും ശബ്ദത്തിലൂടെയും ആസ്വദിക്കാനുള്ള അവസരമാണ് ഇത് ഒരുക്കുന്നത്.


ടൂറിസം വകുപ്പും കെഎസ്ഇബിയും സംയുക്തമായാണ് ലേസര്‍ ഷോ ഒരുക്കുന്നത്. അണക്കെട്ടിന്റെ ഭീമാകാരമായ കോണ്‍ക്രീറ്റ് ഭിത്തിയില്‍ ആധുനിക പ്രൊജക്ഷന് മാപ്പിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഷോ അവതരിപ്പിക്കുന്നത്.
ഇടുക്കി ഡാമിന്റെ നിര്‍മ്മാണം, കുറവന്‍-കുറത്തി മലകളുടെ ഐതിഹ്യം, വൈദ്യുതി ഉല്‍പ്പാദനം എന്നിവ കോര്‍ത്തിണക്കിയുള്ള കഥാവിഷ്കാരമാണ് ലേസര്‍ ഷോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.




വിനോദസഞ്ചാര മേഖലയ്ക്ക് വലിയ കുതിച്ചുചാട്ടം നല്കുന്ന ഈ പദ്ധതി, ഇടുക്കിയെ ലോക വിനോദസഞ്ചാര ഭൂപടത്തില്‍ കൂടുതല്‍ ആകര്‍ഷകമാക്കുമെന്നാണ് വിലയിരുത്തല്‍. പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രദര്‍ശനം വന്‍ വിജയമായിരുന്നു.

