എറണാകുളം: കേരളത്തെ ഗ്രഫീൻ മേഖലയിലെ ആഗോള കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പുതിയ ഗ്രഫീൻ നയത്തിന് അംഗീകാരം നൽകിയതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. വ്യവസായ സാങ്കേതിക മേഖലകളിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിടുന്നതാണ് ഈ നയമെന്ന് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. അത്ഭുതവസ്തു എന്ന് ലോകം വിശേഷിപ്പിക്കുന്ന ഗ്രഫീൻ്റെ ഗവേഷണം, വികസനം, വ്യവസായിക ഉത്പാദനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കേരളത്തിൻ്റെ വ്യവസായ ഭൂപടം മാറ്റിമറിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.


മൂന്ന് ഘട്ടങ്ങളിലായാണ് ഗ്രഫീൻ വികസന പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുന്നത്. ഇതിൻ്റെ ആദ്യപടിയായി കളമശ്ശേരി കിൻഫ്ര പാർക്കിൽ 87 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഇന്നൊവേഷൻ സെൻ്റർ ഫോർ ഗ്രഫീൻ ഒരു മാസത്തിനകം പ്രവർത്തനസജ്ജമാകുമെന്ന് മന്ത്രി അറിയിച്ചു. ഇതിൻ്റെ നിർമാണ പ്രവർത്തനങ്ങൾ ഇപ്പോൾ അവസാനഘട്ടത്തിലാണ്. രണ്ടാം ഘട്ടത്തിൽ ഗ്രഫീൻ പൈലറ്റ് പ്ലാന്റും ഗ്രഫീൻ അറോറ പദ്ധതിയും നടപ്പിലാക്കും. മൂന്നാം ഘട്ടമാകുമ്പോഴേക്കും വൻതോതിലുള്ള ഉത്പാദനം ലക്ഷ്യമിട്ട് കിൻഫ്രയുടെ സ്ഥലത്ത് പ്രത്യേക ഗ്രഫീൻ ഇൻഡസ്ട്രിയൽ പാർക്ക് തന്നെ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
പുതിയ സംരംഭങ്ങളെയും വൻകിട നിക്ഷേപകരെയും ആകർഷിക്കുന്നതിനായി ആകർഷകമായ ആനുകൂല്യങ്ങളാണ് സർക്കാർ ഗ്രഫീൻ നയത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്.




സംരംഭങ്ങൾ തുടങ്ങുന്നവർക്ക് ആദ്യ അഞ്ച് വർഷത്തേക്ക് 100 ശതമാനം വൈദ്യുതി ഡ്യൂട്ടി ഇളവ് നൽകും. കൂടാതെ ഐപിഒ വഴി ഫണ്ട് സമാഹരിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് ആവശ്യമായ സാങ്കേതിക സഹായവും സർക്കാർ ഉറപ്പാക്കും. ഉത്പന്നങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്വാളിറ്റി സർട്ടിഫിക്കേഷൻ നേടാനുള്ള ചെലവ് ഭാഗികമായി റീ ഇംബേഴ്സ് ചെയ്യാനും നയത്തിൽ വ്യവസ്ഥയുണ്ട്. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ വ്യവസായവത്കരണത്തിനാണ് കേരളം മുൻഗണന നൽകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നാനോ സാങ്കേതികവിദ്യയുടെ കരുത്തിൽ കേരളത്തിൻ്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കാനാണ് ഈ നയം ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

