ന്യൂഡൽഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ ധനസഹായം നൽകിയ പുരസ്കാരം കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ കപിൽ സിബൽ കൈപ്പറ്റി എന്ന ആരോപണവുമായി ബിജെപി. വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മറുപടി പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബിജെപിയുടെ ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരിയാണ് ആരോപണവുമായി മുന്നോട്ട് വന്നത്.


ഗാന്ധി കുടുംബവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് കപിൽ സിബലെന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മേധാവി സാം പിട്രോഡയ്ക്കും ഇതേ വൃത്തങ്ങളുമായി ബന്ധമുണ്ടായിരുന്നു എന്നും പ്രദീപ് ഭണ്ഡാരി ആരോപിച്ചു.
“2010 ൽ ജെഫ്രി എപ്സ്റ്റീൻ ധനസഹായം നൽകിയതായി പറയപ്പെടുന്ന അവാർഡ് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ സ്വീകരിച്ചു. പുരസ്കാരം വാങ്ങിയതിനു ശേഷം അന്നത്തെ കോൺഗ്രസ് സർക്കാരിൻ്റെ കാലത്ത് നിരവധി നയ മാറ്റങ്ങൾ ഇന്ത്യയിൽ ഉണ്ടായി. ഇവയെല്ലാം യാദൃശ്ചികമായിരുന്നോ? അതോ എപ്സ്റ്റീൻ്റെ ബാഹ്യ സ്വാധീനം കോൺഗ്രസ് സർക്കാരിൻ്റെ തീരുമാനങ്ങളിൽ ഉണ്ടായിരുന്നോ? രാഹുൽ ഗാന്ധി ഇതിന് ഉത്തരം പറയണം”, പ്രദീപ് ഭണ്ഡാരി എക്സിൽ കുറിച്ചു.




2022 ലാണ് സിബൽ കോൺഗ്രസ് വിട്ടത്. നിലവിൽ സമാജ്വാദി പാർട്ടിയുടെ പിന്തുണയോടെ രാജ്യസഭയിലെ സ്വതന്ത്ര അംഗമാണ് കപിൽ സിബൽ. ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ലയും ഈ വിഷയത്തിൽ കോൺഗ്രസിനെതിരെ ആരോപണം ഉന്നയിച്ചു.

“എപ്സ്റ്റീനുമായി ബന്ധപ്പെട്ട് എന്ത് തരത്തിലുള്ള ഇടപാടാണ് കോൺഗ്രസിൽ നടക്കുന്നത്? ജെഫ്രി എപ്സ്റ്റീൻ്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഐഐയിൽ നിന്ന് കപിൽ സിബൽ അവാർഡ് സ്വീകരിച്ചത് എന്തുകൊണ്ടാണ്? രാഹുൽ ഗാന്ധിക്ക് പാർലമെൻ്റിൽ ഇതിനെ കുറിച്ച് സംസാരിക്കാനാകും. എന്നാൽ ഇപ്പോൾ എന്താണ് മറുപടി പറയാത്തത്?” ഷെഹ്സാദ് പൂനവല്ല എക്സിൽ കുറിച്ചു.
കപിൽ സിബൽ പുരസ്കാരം വാങ്ങിയെന്ന ആരോപണം അസംബന്ധമാണെന്നാണ് കോൺഗ്രസിൻ്റെ മറുപടി. ആരോപണം തള്ളിക്കളയുന്നതായും കോൺഗ്രസ് അറിയിച്ചു. കപിൽ സിബൽ ജെഫ്രി എപ്സ്റ്റീൻ്റെ അതിഥിയായിരുന്നില്ലെന്ന് കോൺഗ്രസ് പറഞ്ഞു.
