തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി, ചലച്ചിത്ര പ്രവർത്തകർ വിജിലൻസിന് മൊഴി നൽകിയതായി റിപ്പോർട്ട്. സംവിധായകൻ ഷാജി കൈലാസ്, നടൻ രഞ്ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ്കുമാര്‍ അടക്കമുള്ളവർ മൊഴി നൽകിയതായാണ് വിവരം.


സംഭാവനയായി നൽകിയ സ്വർണ്ണത്തിന്റെ കണക്ക് ചലച്ചിത്ര പ്രവർത്തകർ അന്വേഷണ സംഘത്തിന് നൽകിയതായാണ് സൂചന. അന്വേഷണവുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ തയ്യാറെന്ന് മോഹൻലാലും സുരേഷ് ഗോപിയും വിജിലൻസിനെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
27 പേരാണ് കൊടിമര പുനർനിർമാണത്തിനായി സംഭാവന നൽകിയതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഇവരുടെയെല്ലാം മൊഴി രേഖപ്പെടുത്തും. സംഭാവനയായി ലഭിച്ച സ്വർണത്തിന്റെ കണക്കുകൾ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.




ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് ശബരിമലയിലെ കൊടിമര പ്രതിഷ്ഠയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കൊടിമരം നിർമിക്കാൻ സംഭാവനയായി സ്വർണം നൽകിയവരുടെ പേരിനുപകരം ‘ഭക്തൻ’ എന്നായിരുന്നു മഹസറിൽ രേഖപ്പെടുത്തിയത്. സ്വർണം നൽകിയവർക്ക് രസീത് കൊടുത്തിട്ടില്ലെന്നും ആര്, എത്ര അളവിൽ നൽകിയെന്നതിനു രേഖയോ വ്യക്തതയോ ഇല്ലെന്നും ദേവസ്വം വിജിലൻസ് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.

