തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അനുനയ നീക്കവുമായി സിപിഎം. പ്രേംകുമാറിനെ കാണുന്നതിനായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന് പ്രേംകുമാറിന്റെ കഴക്കൂട്ടത്തെ വീട്ടില്‍ എത്തിയെങ്കിലും നടന് വീട്ടിലില്ലാത്തതിനാല്‍ കാണാനാകാതെ മടങ്ങി.


പ്രേംകുമാര്‍ വീട്ടിലെത്തുന്ന പക്ഷം വീണ്ടും വരുമെന്നും കൂടിക്കാഴ്ച നടത്തുമെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. കാലങ്ങളായി ഇടതുപക്ഷത്തോടൊപ്പമാണ് പ്രേംകുമാര്‍. നിലവില്‍ ചില പ്രശ്നങ്ങളുണ്ടെന്നാണ് മനസിലാക്കുന്നത്. അക്കാര്യങ്ങള്‍ പ്രേംകുമാറുമായി സംസാരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
പ്രേംകുമാറുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. പ്രേംകുമാറുമായി ഫോണിലൂടെയാണ് സംസാരിച്ചത്. ഇതിന് പിന്നാലെയാണ് പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക് വരുമെന്ന അഭ്യൂഹം സജീവമായത്. എന്നാല്‍, പ്രേംകുമാര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.




ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്ത് നിന്ന് ഒരു വാക്ക് പോലും പറയാതെ മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി കഴിഞ്ഞ ദിവസം പ്രേംകുമാര്‍ രംഗത്തെത്തിയിരുന്നു. ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പിലായിരുന്നു പ്രേംകുമാര്‍ അതൃപ്തി പരസ്യമാക്കിയത്. തുടര്‍ഭരണം വേണ്ടെന്ന് പറഞ്ഞ് സര്‍ക്കാരിനെ വിമര്‍ശിച്ച കവി സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാതിരിക്കുകയും തന്നെ ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്ത് നീക്കിയതും ഇരട്ട നീതിയെന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം.

