ഇരവിപേരൂർ : നവോത്ഥാനചരിത്രത്തിലെ പ്രഗത്ഭനായ സമൂഹപരിഷ്ക്കാരകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ 148-ാം ജന്മദിന മഹോത്സവം സംസ്ഥാനത്ത് വിപുലമായി ആചരിക്കുന്നു. മഹോത്സവത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

കേരളത്തിന്റെ ചരിത്രപുരുഷനായി അറിയപ്പെടുന്ന ഗുരുദേവൻ വ്യവസ്ഥാപിത സഭകളെ ഉപേക്ഷിച്ച് സാമൂഹിക നീതി ലക്ഷ്യമാക്കി സ്വന്തം ആത്മീയ പ്രസ്ഥാനമായ പ്രത്യക്ഷ രക്ഷാ ദൈവസഭ രൂപീകരിച്ചു. ഈ രൂപീകരണത്തിന് പിന്നിൽ വർഗ്ഗപരമായ വ്യക്തമായ കാഴ്ചപ്പാട് നിലനിന്നിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. “ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക്, വിവേചനങ്ങളിൽ നിന്ന് ഐക്യത്തിലേക്ക്, വിദ്വേഷങ്ങളിൽ നിന്ന് പാരസ്പര്യത്തിലേക്ക് നമ്മുടെ നാടിന്റെ മാറ്റം ഈ അവസരത്തിൽ ഓർമ്മിക്കപ്പെടേണ്ടതാണ്,” മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരളീയ നവോത്ഥാനത്തെ സമരോത്സവമാക്കിയ വ്യക്തിത്വങ്ങളിൽ പ്രഥമസ്ഥാനത്ത് നിൽക്കുന്ന ശ്രീകുമാര ഗുരുദേവന്റെ ജീവിതവും പ്രവർത്തനങ്ങളും നവോത്ഥാനചരിത്രത്തിലെ തിളങ്ങുന്ന അധ്യായങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു കാലഘട്ടത്തിൽ ചവിട്ടിമെതിക്കപ്പെട്ടിരുന്ന നിസ്സഹായ വർഗ്ഗങ്ങളുടെ ഉണർവിനായി ജീവിതാവസാനം വരെ പ്രവർത്തിച്ച ചരിത്രപുരുഷനാണ് ഗുരുദേവൻ. ജാതി-ജന്മി ചൂഷണത്തിനിരയായവരെ ആത്മീയമായും ഭൗതികമായും ഉണർത്തുന്നതിൽ അദ്ദേഹത്തിന് സാധിച്ചു. സവർണാധിപത്യ നടപടികൾക്കെതിരെ സൗമ്യമായെങ്കിലും തീക്ഷ്ണമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ജന്മദിന മഹോത്സവത്തിന്റെ ഭാഗമായി വിവിധ സാംസ്കാരിക ആത്മീയ പരിപാടികളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ട്.

