നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘പ്രതിഛായ’. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ചും നടന്നിരുന്നു. ട്രെയ്ലർ ലോഞ്ചിനിടെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകളും അതിന് ബി ഉണ്ണികൃഷ്ണൻ നൽകിയ മറുപടിയുമാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

പല ആളുകളെയും ബാൻ ചെയ്യുന്നതിന് ഇടയ്ക്കാണ് ഉണ്ണികൃഷ്ണൻ സിനിമകൾ ചെയ്യുന്നതെന്നാണ് ആശംസാ പ്രസംഗത്തിൽ ലിസ്റ്റിൻ സ്റ്റീഫൻ പരിഹസിച്ചു കൊണ്ട് പറഞ്ഞത്. “എല്ലാവര്ക്കും നമസ്കാരം. ഉണ്ണിയേട്ടന്റെ ഏറ്റവും പുതിയ സിനിമയായ പ്രതിഛായ, നിവിന്‍ അഭിനിയിക്കുന്ന ചിത്രം, ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഉള്ള സിനിമ, ഒരു വലിയ വിജയമായി മാറട്ടെ.
സാധാരണ രീതിയില്‍ ചെറുപ്പത്തിലാണ് ആളുകള്‍ കൂടുതല്‍ റിസ്ക് എടുക്കുന്നത്. ഗോപാലേട്ടന്റെ (ഗോകുലം ഗോപാലൻ) കാര്യത്തില്‍ പ്രായമായപ്പോഴാണ് കൂടുതല്‍ റിസ്ക് എടുക്കുന്നത്. മലയാള സിനിമ ഇന്ന് പിടിച്ച് നില്ക്കുന്നതില് ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ് അദ്ദേഹം. ഒരു നിര്‍ണായക ഘട്ടത്തിലൂടെ ഇടയ്ക്ക് സിനിമ ഇൻഡസ്ട്രി കടന്ന് പോയപ്പോള്‍ ഗോപാലേട്ടന് വലിയ കരുത്തായിരുന്നു.

പൊതുവിൽ സംവിധായകർക്ക് ഡയറക്ട് ചെയ്യുന്ന കാര്യം മാത്രം ഫോക്കസ് ചെയ്താല്‍ മതി. ഉണ്ണിയേട്ടനെ സംബന്ധിച്ച് പല പല ആളുകളെ ബാന്‍ ചെയ്യുന്നതിന്റെ ഇടയ്ക്ക് വേണം സംവിധാനം ചെയ്യാന്‍. ഒരുപാട് ടാസ്ക്കുകള് എടുത്താണ് ഉണ്ണിയേട്ടന് ഡയറക്ട് ചെയ്യുന്നത്. ഇതൊരു വലിയ വിജയമായി മാറട്ടെ എന്ന് ആശംസിക്കുന്നു”.- ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

ഇതിന് പിന്നാലെയാണ് ബി ഉണ്ണികൃഷ്ണൻ മറുപടിയുമായി എത്തിയത്. “സാധ്യമല്ല എന്നറിയാമെങ്കിൽപ്പോലും ഇന്ന് ഇത്തിരി മാന്യത കാണിക്കണമെന്ന് ഞാന്‍ ലിസ്റ്റിനോട് പറഞ്ഞിരുന്നു. പക്ഷേ അദ്ദേഹത്തിന് അത് എത്ര നിയന്ത്രിച്ചാലും വെളിയിൽ വരുന്നതു കൊണ്ട് നമുക്ക് പൊറുത്തുവിടാം.”- എന്നായിരുന്നു ബി ഉണ്ണികൃഷ്ണന്റെ മറുപടി.
അതേസമയം പ്രതിഛായയിൽ നിവിനൊപ്പം ബാലചന്ദ്ര മേനോൻ, ഷറഫുദ്ദീൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്.
