പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ കഴിഞ്ഞ ദിവസം കോടതി വിശദമായ വാദം കേട്ടിരുന്നു. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ഹർജികളിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

തന്ത്രിക്ക് ജാമ്യം നൽകുന്നതിനെ അന്വേഷണ സംഘം ശക്തമായി എതിർത്തിരുന്നു. തന്ത്രിയുടെ പേരിൽ 2 കോടി 5 ലക്ഷം രൂപയും ഭാര്യയുടെ പേരിൽ 62 ലക്ഷം രൂപയും സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപം ഉണ്ടെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.
പ്രതിക്ക് ജാമ്യം നൽകിയാൽ തന്റെ ആത്മീയ പരിവേഷവും ഉന്നത സ്വാധീനവും ഉപയോഗിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും ഇടയുണ്ടെന്നാണ് എസ്ഐടി പറയുന്നത്.

ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്ത്രിയുമായുള്ള ബന്ധം സ്വർണക്കൊള്ളയിലേക്ക് നയിച്ചുവെന്നത് അടക്കം കണ്ടെത്തലുകളാണ് എസ്ഐടി കോടതിയിൽ അറിയിച്ചത്. എന്നാൽ ആചാരപരമായ കാര്യങ്ങളിൽ അല്ലാതെ മറ്റൊന്നിലും ഇടപെട്ടിട്ടില്ലാ എന്നാണ് തന്ത്രിയുടെ വാദം. തന്ത്രിയെ കേസിൽ കുടുക്കിയതാണെന്നും സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു.

