തിരുവനന്തപുരം: സർക്കാർ ഉത്പാദിപ്പിക്കുന്ന കുറഞ്ഞ വിലയുള്ള ബ്രാൻഡി 21ന് വിപണിയിലെത്തുമ്പോൾ പേര് എന്തായിരിക്കുമെന്നതിൽ സസ്പെൻസ് നിലനിർത്തി എക്സൈസ് വകുപ്പ്. 21ന് രാവിലെ പത്തുമണിക്ക് മാത്രമേ പേര് പുറത്താകൂ. പാലക്കാട് മലബാർ ഡിസ്റ്റിലറിയിൽ മന്ത്രി എം ബി രാജേഷ് ബ്രാൻഡി വിപണിയിലിറക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുമ്പോൾ സസ്പെൻസ് അവസാനിക്കും. അതിന് മുൻപ് പേര് പുറത്തു പോകരുതെന്ന കർശന നിർദ്ദേശം നൽകിയിരിക്കുകയാണ് എക്സൈസ്. നിലവിൽ സർക്കാർ ഉൽപാദിപ്പിക്കുന്നത് ജവാൻ റം മാത്രമാണ്.

ജനങ്ങളിൽ നിന്ന് സ്വീകരിക്കുന്ന പേര് ബ്രാൻഡിക്ക് നൽകുമെന്നും, തെരഞ്ഞെടുത്ത പേരിന് 10,000 രൂപ സമ്മാനമായി നൽകുമെന്ന ബെവ്കോ എംഡിയുടെ പ്രഖ്യാപനം നേരത്തെ വിവാദമായിരുന്നു. ഇതേത്തുടർന്ന് പൊതുജനങ്ങളിൽ നിന്ന് പേര് സ്വീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.
മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി തടഞ്ഞത്. തുടർന്ന്, പേര് ക്ഷണിച്ചു കൊണ്ടുള്ള മത്സരം നടത്തിയിട്ടില്ലെന്ന വിചിത്രമാത സത്യവാങ്മൂലം ബെവ്കോ ഹൈക്കോടതിയിൽ സമർപ്പിച്ചു. ഇതുസംബന്ധിച്ച ഹൈക്കോടതി സ്റ്റേ ഇപ്പോഴും നിലനിൽക്കുകയാണ്.

സർക്കാർ പൊതുമേഖലാ സ്ഥാപനമായ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡാണ് ജനപ്രിയ മദ്യമായ ജവാൻ റം ഉത്പാദിപ്പിക്കുന്നത്. വാളയാറിലെ മലബാർ ഡിസ്റ്റിലറീസ് വഴി ഉത്പാദനം ഉയർത്താൻ പദ്ധതിയുണ്ടെങ്കിലും, തിരുവല്ലയിൽ മാത്രമാണ് നിലവിൽ ജവാൻ ഉത്പാദനം നടക്കുന്നത്. 2023ൽ നവീകരണത്തിന് ശേഷം ഉത്പാദനം പ്രതിദിനം 15,000 കെയ്സുകളിലേക്ക് ഉയർത്തിയിട്ടുണ്ട്. ജവാൻ റമ്മിനോടൊപ്പം കുറഞ്ഞ വിലയ്ക്ക് ബ്രാൻഡിയും സർക്കാർ വിപണിയിൽ ഇറക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. 21ന് പരീക്ഷണ അടിസ്ഥാനത്തിലാണ് പുതിയ ബ്രാൻഡി വിപണിയിലിറക്കുന്നത്. എല്ലാ ജില്ലകളിലുമെത്താൻ ആഴ്ചകൾ കഴിയും.

