ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വെറുമൊരു സാങ്കേതിക വിദ്യ മാത്രമല്ലെന്നും അത് മാനവികതയ്ക്ക് മുൻഗണന നൽകുന്നതാകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ നടന്ന ‘ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026’-ൽ എഐ വികസനത്തിനായി ഇന്ത്യ മുന്നോട്ടുവെക്കുന്ന ‘മാനവ്’ വിഷൻ അദ്ദേഹം ഉദ്ഘാടനം ചെയ്തു.

എഐ സാങ്കേതികവിദ്യയുടെ വളർച്ചയിൽ മനുഷ്യൻ വെറുമൊരു ‘ഡാറ്റ പോയിന്റ്’ ആയി മാറരുതെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. എഐ എല്ലാവർക്കും പ്രാപ്യമാകുന്ന രീതിയിൽ ജനാധിപത്യവൽക്കരിക്കപ്പെടണം. പ്രത്യേകിച്ച് ആഗോള തെക്കൻ രാജ്യങ്ങളുടെ പുരോഗതിക്കായി ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
എഐ സംവിധാനങ്ങൾ ധാർമ്മികവും നീതിയുക്തവുമായ മൂല്യങ്ങളിൽ അധിഷ്ഠിതമായിരിക്കണം, സുതാര്യമായ നിയമങ്ങളും കൃത്യമായ മേൽനോട്ടവും ഉറപ്പാക്കുന്ന ഉത്തരവാദിത്ത ഭരണനിർവഹണം, ഡാറ്റയുടെ ഉടമസ്ഥാവകാശം അതത് വ്യക്തികൾക്കും രാജ്യങ്ങൾക്കുമായിരിക്കണം. ദേശീയ പരമാധികാരത്തിന് മുൻഗണന നൽകണം, എഐ സാങ്കേതികവിദ്യ ചുരുക്കം ചിലരുടെ കുത്തകയാകരുത്. ഇത് എല്ലാവരിലും എത്തുന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാകണം, നിയമപരമായ സാധുതയുള്ളതും കൃത്യമായി പരിശോധിക്കാവുന്നതുമായ രീതിയിലായിരിക്കണം എഐയുടെ പ്രവർത്തനം തുടങ്ങി അഞ്ച് പ്രധാന തത്വങ്ങളിൽ അധിഷ്ഠിതമായാണ് പ്രധാനമന്ത്രി ‘മാനവ്’ വിഷൻ വിശദീകരിച്ചത്.

എഐ സാങ്കേതികവിദ്യയ്ക്ക് വളരാൻ ആകാശം പോലെ വിശാലമായ അവസരങ്ങൾ നൽകണം, എന്നാൽ അതിന്റെ കടിഞ്ഞാൺ എപ്പോഴും മനുഷ്യന്റെ കയ്യിലായിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ജിപിഎസ് നമുക്ക് വഴി കാണിച്ചുതരും, എന്നാൽ ഏത് ദിശയിലേക്ക് പോകണമെന്ന് തീരുമാനിക്കുന്നത് നമ്മളാണ്. അതുപോലെ തന്നെയാകണം എഐയും,” ജിപിഎസ് സംവിധാനത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടി അദ്ദേഹം സംസാരിച്ചു.

ഡീപ് ഫേക്ക് അടക്കമുള്ള തെറ്റായ വിവരങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന വെല്ലുവിളികളെക്കുറിച്ചും പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. ഡിജിറ്റൽ ലോകത്തെ വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാൻ ഭക്ഷണപ്പൊതികളിലെ ലേബലുകൾ പോലെ ആധികാരികത വ്യക്തമാക്കുന്ന സംവിധാനം വേണമെന്നും അദ്ദേഹം നിർദേശിച്ചു.
ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിൽ വിവിധ രാജ്യങ്ങളിലെ ഭരണത്തലവന്മാർ, പ്രമുഖ കമ്പനികളുടെ സിഇഒമാർ, സാങ്കേതിക വിദഗ്ധർ എന്നിവർ പങ്കെടുത്തു. എഐ മേഖലയിൽ ഇന്ത്യ കേവലം ഒരു ഉപഭോക്താവ് മാത്രമല്ല, ലോകത്തെ നയിക്കുന്ന ശക്തിയായി മാറിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
