ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ പുസ്തകം പ്രകാശനം ചെയ്ത് വൈസ് പ്രസിഡന്റ് സി പി രാധാകൃഷ്ണന്. ശ്രീനാരായണ ഗുരുവിന്റെ ജീവിതം ഇതിവൃത്തമാകുന്ന ‘ ദ സേജ് ഹൂ റീഇമാജിന്‍ഡ് ഹിന്ദുയിസം: ദ ലൈഫ്, ലെസണ്‍സ്, ആന്‍ഡ് ലെഗസി ഓഫ് ശ്രീനാരായണ ഗുരു’ എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്. ഇന്നലെ (ഫെബ്രുവരി 19) വൈകിട്ട് ഇന്ത്യ ഇന്റര്‍നാഷണൽ സെന്ററിൽ (ഐഐസി) വച്ചായിരുന്നു പ്രകാശനം.

ആലെഫ് ബുക്ക് പ്രസിദ്ധീകരിച്ച ജീവചരിത്രം 19ാം നൂറ്റാണ്ടില്‍ കേരളത്തിൽ ജനിച്ച സാമൂഹിക പരിഷ്കർത്താവും ജാതി വിവേചനത്തിനെതിരെ പോരാടിയ ആത്മീയ നേതാവുമായ നാരായണ ഗുരുവിന്റെ ജീവിതത്തെ വരച്ച് കാട്ടുന്നു.
ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന അദ്ദേഹത്തിന്റെ അനശ്വര സന്ദേശം ഇന്നും അന്തസിനും സമത്വത്തിനും സാർവത്രിക സാഹോദര്യത്തിനും വേണ്ടിയുള്ള ഒരു വിപ്ലവകരമായ ആഹ്വാനമായി തുടരുന്നുവെന്ന് പുസ്തകം പ്രകാശനം ചെയ്ത് സി പി രാധാകൃഷ്ണന് പറഞ്ഞു. എല്ലാവര്ക്കും ക്ഷേത്ര പ്രവേശനത്തിന് അനുമതി നല്‍കുക, വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചയാളാണ് ശ്രീനാരായണ ഗുരു.

ഗുരുവിന്റെ ജീവിതത്തെ കുറിച്ച് പുസ്തകമെഴുതിയ ശശി തരൂരിനെ ഉപരാഷ്ട്രപതി പ്രശംസിക്കുകയും ചെയ്തു. ‘പുസ്തകങ്ങള്‍ സത്യത്തെ സംരക്ഷിക്കുന്നതാണ്. പാരമ്പര്യത്തെ വികലമാക്കുന്നതില്‍ നിന്നും അവ സംരക്ഷണം നല്കുന്നു. അവ യുവാക്കളെ വിമർശനാത്മകമായി ചിന്തിക്കാനും സമൂഹത്തെ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാനും പ്രചോദിപ്പിക്കുന്നുവെന്നും’ അദ്ദേഹം പറഞ്ഞു.

സാർവത്രിക പ്രസക്തി ഉണ്ടായിരുന്നിട്ടും സാമൂഹിക പരിഷ്കർത്താവിനെ കുറിച്ചുള്ള അറിവുകള്‍ കേരളത്തിന് പുറത്ത് അജ്ഞാതമാണെന്നത് നിർഭാഗ്യകരമാണെന്നും തരൂർ പറഞ്ഞു. കാലത്തിന് മുമ്പേ സഞ്ചരിച്ച മഹാന് എന്ന് വിശേഷിപ്പിച്ച തരൂര്‍ വര്‍ഗീയതയെയും വിവേചനത്തെയും ശ്രീ നാരായണ ഗുരു ശക്തമായി എതിര്‍ത്തിരുന്നുവെന്നും പറഞ്ഞു.
കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യ തിന്മകൾക്കെതിരെയും അന്ധവിശ്വാസങ്ങൾക്കെതിരെയും പോരാടി കേരളീയ സമൂഹത്തെയാകെ നവോഥാനത്തിലേയ്ക്ക് നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ശ്രീനാരായണ ഗുരു.
ജാതി പരിഗണിക്കാതെ ആർക്കും പുരോഹിതനാകാമെന്നും വിദ്യാഭ്യാസവും അവസരങ്ങളും എല്ലാവർക്ക് മുന്നിലും തുറന്നിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീനാരായണ ഗുരു പകര്‍ന്ന അറിവുകള്‍ ആഴത്തില്‍ വേരൂന്നിയതാണ്. എന്നാല്‍ അതെല്ലാം ആധുനികമാണെന്നതാണ് മറ്റൊരു പ്രത്യേകത. സാമൂഹിക സമത്വം, ആത്മാഭിമാനം, ശാക്തീകരണം എന്നിവയിൽ മാർഗ നിർദ്ദേശം തേടുന്ന ഏതൊരാൾക്കും അവ പഠിക്കാമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
