ക്രിസ്തുമസ് പുതുവത്സര ബംബറിന്റെ ഒന്നാം സമ്മാന വിതരണം തടഞ്ഞ് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് ലോട്ടറി വകുപ്പിന് ഹൈക്കോടതി നോട്ടീസ് അയച്ചു. പിറവം സ്വദേശിയായ റിട്ടയേഡ് എഎസ്ഐ കെ കെ സജിമോന്റെ ഹർജിയിലാണ് നടപടി. ഒന്നാം സമ്മാനം ലഭിച്ചത് തനിക്കാണെന്ന് സജിമോൻ അവകാശപ്പെട്ടിരുന്നു. സമ്മാനാർഹമായ ടിക്കറ്റ് നഷ്ടമായെന്ന് കാണിച്ച് സജിമോൻ പൊലീസിനെയും കോടതിയെയും സമീപിക്കുകയായിരുന്നു.

ജനുവരി 24 ന് നടന്ന ബംബർ നറുക്കെടുപ്പിൽ XC 138455 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഈ ടിക്കറ്റിനാണ് പിറവം പാഴൂർ സ്വദേശിയായ റിട്ട. ASI കെ കെ സജിമോൻ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. പൊലീസ് സേനയിൽ നിന്ന് പിരിഞ്ഞ ശേഷം ട്രാവലർ സർവീസ് നടത്തി വരികയാണ് സജിമോൻ.
ശബരിമലയ്ക്ക് പോയ വിശാഖപട്ടണം സ്വദേശികളായ അയ്യ ഭക്തർ തൻ്റെ വാഹനത്തിൽ നെയ്പാത്രം മറന്നുവെച്ചിരുന്നെന്നും ഈ നെയ് പാത്രം വെച്ചിരുന്ന കിറ്റിലാണ് ലോട്ടറി ടിക്കറ്റ് വെച്ചിരുന്നത് എന്നുമാണ് സജിമോന്റെ വാദം. പിന്നീട് വിശാഖപട്ടണം സ്വദേശിക്ക് നെയ് പാത്രം കൊറിയർ ചെയ്തപ്പോൾ അതിനൊപ്പം ടിക്കറ്റും ഉൾപ്പെട്ടതായും സജിമോൻ പറയുന്നു.

ടിക്കറ്റിൻ്റെ കാര്യം ഓർമ്മ വന്നപ്പോൾ പാത്രം അയച്ചതിൻ്റെ തൊട്ടടുത്ത ദിവസം കൊറിയർ സ്ഥാപനവുമായി ബന്ധപ്പെട്ടെന്നും പാത്രം തിരികെ കിട്ടിയില്ലെന്നും സജിമോൻ പറയുന്നു. അതേസമയം, ബമ്പർ സമ്മാനം അടിച്ചയാൾ ടിക്കറ്റ് തിരുവനന്തപുരത്ത് ലോട്ടറി കാര്യാലയത്തിൽ ഹാജരാക്കിയതായും സൂചനയുണ്ടായിരുന്നു. തുടർന്ന്, ലോട്ടറി വകുപ്പുമായി ബന്ധപ്പെട്ട് ടിക്കറ്റ് പരിശോധിക്കണമെന്നും തട്ടിപ്പ് കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് സജിമോൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

